Sorry, you need to enable JavaScript to visit this website.

സൗദി ടെലിക്കോം പിന്നാലെ; തട്ടിപ്പുകാര്‍ ഇമോയിലേക്ക് മാറി

ജിദ്ദ-ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നവരെ കുറിച്ച് അറിയിക്കാന്‍ സൗദി ടെലിക്കാം കമ്പനി (എസ്.ടി.സി) പ്രത്യേക സംവിധാനം ആരംഭിച്ചതോടെ തട്ടിപ്പുകാര്‍ സൗജന്യ ചാറ്റ്, വിഡിയോ, ഓഡിയോ ആപ്ലിക്കേഷനായി ഐഎംഒ (ഇമോ)യിലേക്ക് മാറി.
എ.ടി.എം കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിലും സമ്മാനം അടിച്ചുവെന്ന പേരിലുമാണ് തട്ടിപ്പ് സംഘം സൗദിയിലുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും എസ്.എം.എസ് അയച്ചു കൊണ്ടിരുന്നത്. കോള്‍ ചെയ്തും വിവരങ്ങള്‍ ചോദിച്ചു തുടങ്ങിയതോടെയാണ് ഇങ്ങനെ കോളും മെസേജും വരുന്ന നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എസ്.ടി.സി ആവശ്യപ്പെട്ടു തുടങ്ങിയത്. പ്രത്യേക വിഭാഗം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ വിവരം കൈമാറണമെന്നും എസ്.ടി.സി ഉപഭോക്താക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. തട്ടിപ്പ് മെസേജുകള്‍ എസ്.ടി.സിയുടെ 330330 എന്ന നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യുകയാണ് വേണ്ടത്.
തട്ടിപ്പുകാരെ പൂട്ടാന്‍ എസ്.ടി.സി ചെറിയ ശ്രമം തുടങ്ങിയതോടെ അവര്‍ ഇപ്പോള്‍ എന്‍.സി.ബിയുടെ ലോഗോ വെച്ച് തയാറാക്കിയ ഇമോ പ്രൊഫൈലില്‍നിന്നാണ് വിളിക്കുന്നത്.
യൂ സ്പീക്ക് ഇംഗ്ലീഷ്, അറബി,ഹിന്ദി എന്നു പറഞ്ഞുകൊണ്ടാണ് സംഭാഷണം തുടങ്ങുക. എന്‍.സി.ബി, ക്വിക് പേ അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യാത്തതു കൊണ്ട് ഉടന്‍ ബ്ലോക്കാകും എന്നു പറഞ്ഞാണ് ഇഖാമ നമ്പറും അക്കൗണ്ട് നമ്പറും മറ്റും അന്വേഷിക്കുക. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു വിവരവും ഇങ്ങനെ വിളിക്കുന്നവര്‍ക്ക് നല്‍കരുത്. എ.ടി.എം കാര്‍ഡിനോ ബാങ്ക് അക്കൗണ്ടിനോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ബാങ്ക് ബ്രാഞ്ചിനെ നേരിട്ട് സമീപിക്കുകയാണ് വേണ്ടതെന്ന് എല്ലാ ബാങ്കുകളും ആവര്‍ത്തിച്ച് ഉണര്‍ത്തുന്നുണ്ട്.

 

 

Latest News