Sorry, you need to enable JavaScript to visit this website.

ആരോടാണ് കൂട്ടുകൂടേണ്ടത്?

പകയും വിദ്വേഷവും നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന ചിലരെയെങ്കിലും  ചുറ്റിലും കണ്ടുമുട്ടാറുണ്ട്. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും  എഴുത്തിലുമെല്ലാം ആരോടൊക്കെയോ ഉള്ള പക നുരഞ്ഞു പൊങ്ങുന്നത് കാണാം. 
വീട്ടുകാരിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും കുട്ടിക്കാലത്ത് അവർ  നേരിട്ട ദുരനുഭവങ്ങളായിരിക്കാം അവരിൽ പകയുടെയും ആത്മനിന്ദയുടെയും വിത്തിട്ടത്. 

എത്രമാത്രം ഭീകരമാണ് ചിലരിലെ പകയും വിദ്വേഷവുമെന്ന് സോഷ്യൽ മീഡിയയിലൂടെ കണ്ണോടിച്ചാൽ ഈ കാലത്ത് ഏളുപ്പം ബോധ്യമാവും. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ  ആവശ്യത്തിന് സ്‌നേഹ വാൽസല്യങ്ങൾ ലഭിക്കാതിരിക്കുക; ആവശ്യത്തിലധികം ശകാരങ്ങളൂം പരിഹാസങ്ങളും കുത്തുവാക്കുകളും  കേൾക്കേണ്ടി വരിക; തന്റെ കഴിവുകൾ വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ലെന്ന തോന്നൽ നിരന്തരം വേട്ടയാടുക തുടങ്ങി പല കാരണങ്ങളാൽ മനസ്സിൽ പക ഉടലെടുത്തേക്കാം.

തങ്ങളുടെ പരാജയ കാരണം മറ്റുള്ളവരിൽ ആരോപിക്കുന്ന സ്വഭാവം പകയുള്ള  മനസ്സുകളുടെ ലക്ഷണമാണ്. ചിലരെയിവർ തങ്ങളുടെ വളർച്ചക്ക് വിഘാതമായി നിൽക്കുന്നവർ എന്ന്   അടയാളപ്പെടുത്തും. തുടർന്നങ്ങോട്ട് അവരോടുഉള്ള വെറുപ്പായിരിക്കും ഇവരെ നയിക്കുക.  ഒരുതരം അയഥാർത്ഥ ലോകത്തായിരിക്കും പിന്നീട് ഇവരുടെ ജീവിതം. ഇവരുടെ സർഗാത്മകതയും മാനസികോർജവും ഇവരിയാതെ കെടുതിയിലേക്ക്  വഴുതും. വിപരീത ദിശയിലേക്കു ഒഴുകും.  വാക്കിലും  പ്രവൃത്തിയിലും  കാണെക്കാണെ  ഇവരിലെ പകയുടെ നിറവും മണവും കലർന്നിരിക്കും. മനസ്സമാധാനവും ശാന്തിയും വളരെ വിരളമായി മാത്രമെത്തുന്ന വിരുന്നുകാരായിരിക്കും ഇവർക്ക്. 

ശത്രുവിന്റെ വീഴ്ചയും പരാജയവും മാത്രമേ ഇവർക്കുല്ലസിക്കാനുള്ള  വക നൽകുകയുള്ളൂവെന്ന് ഇവരുടെ വരികളും ചിരികളും കണ്ടാൽ തോന്നും.  ഇവരോടൊത്ത് സഹവസിക്കുന്നവരിലും അശുഭ ചിന്തകൾ ഇവർ സന്നിവേശിപ്പിച്ചുകൊണ്ടിരിക്കും. ക്രമേണ  കൂട്ടുകാരും ബന്ധുക്കളും ഇവരിൽനിന്ന് അകലം പാലിച്ചു തുടങ്ങും. എന്നാൽ സമാന പ്രകൃതക്കാർ ഇവരുടെ ശൈലിയിലും സ്വഭാവത്തിലും ഇവരോടൊപ്പം ചേരും. ഇവർക്ക് ലൈക്കടിച്ച് ആർപ്പ് വിളിച്ചു ഊർജം പകരും.
സ്വന്തം ഇഷ്ടാനിഷ്ടങ്ങളും ക്ഷേമവും മാത്രമേ ഇവർ പരിഗണിക്കൂ. മറ്റുള്ളവരുടെ കണ്ണിലൂടെ സംഭവത്തെയോ പ്രശ്‌നങ്ങളെയോ നോക്കിക്കാണാൻ ഇവർ ശ്രമിക്കുകയില്ല. സാഹചര്യങ്ങളെ കുറിച്ചും സാമൂഹ്യ മര്യാദയെ കുറിച്ചും ഇവർ കാര്യമായി ഗൗനിക്കുകയില്ല.   അവയെ ചിലപ്പോൾ തീരെ പരിഗണിക്കാറുമില്ല. മറ്റുള്ളവരുടെ മാനസികാവസ്ഥയ്ക്കും അഭിപ്രായത്തിനും നിസ്സാരമായ വിലയെ അവർ കൽപിക്കുകയുള്ളൂ. ഒരു തരം നിന്ദ്യമായ റിബൽ മനോഭാവമുള്ളവർ. കുടുംബത്തിലും ജോലി സ്ഥലത്തും സാഹിത്യ സാംസ്‌കാരിക മത രംഗത്തുമൊക്കെ ഇവരെ കണ്ടുമുട്ടിയേക്കും.

ആത്മ നിന്ദയ്ക്ക് നിരന്തരം അടിപ്പെട്ട് പലപ്പോഴും ഇവരിൽ ചിലർ  മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നവരായി മാറും. നാലാൾ കൂടുന്നേടത്തു  അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാൽ   എല്ലായിടങ്ങളിലും അനിഷ്ടകരമായ രീതിയിൽ വിമത സ്വരമുയർത്തുകയും എല്ലാ സാമൂഹ്യ മര്യാദകളും കാറ്റിൽ പറത്തുകയും ചെയ്യുന്ന ഇവർ ആശയസംവാദത്തിനു പകരം നിശ്ശബ്ദമായി കൊണ്ടുനടക്കുന്ന ആരോടൊക്കെയോ ഉള്ള  മാരകമായ പക ചുരത്താനുള്ള അവസരമായാണ് വിയോജിപ്പിന്റെ സന്ദർഭങ്ങളെ കൊണ്ടാടുന്നത്. 
ആരുടെയോ ചില നേരത്തേ അവഗണനയും അധിക്ഷേപവും ഇവരെ മുറിപ്പെടുത്തിയിട്ടുണ്ടാവാം. ആ മുറിവും പേറി നടക്കുന്ന ഇവർ വൈകാരികമായ അർബുദം ബാധിച്ചു സ്വയം കേടു വന്നുകൊണ്ടിരിക്കുന്നവരാണ്. നാളുകൾ ചെല്ലുന്തോറും  ചീഞ്ഞ് നാറി  ഈ മുറിവുകൾ അവരുടെയും അവരുമായി ഇട പഴകുന്നവരുടെയും ജീവിതത്തെ ദുസ്സഹവും അസഹനീയവുമാക്കുന്നു. ഇത്തരക്കാർ കടന്നു വരുന്ന സദസ്സിൽ പൊടുന്നനെ ഒരു ഊർജശോഷണം നടക്കുന്നത് കാണാം. പല കൂട്ടായ്മകളിലും ചടങ്ങിലും ഒരു മുകിൽ മൂടിയ അന്തരീക്ഷം ഇവരുടെ വരവോടെ സംജാതമാവും. നന്മകളെ ഒറ്റ വാക്കു കൊണ്ട് ഒരു നോട്ടം കൊണ്ട് ഇവർ ചാമ്പലാക്കും. വിഘടനങ്ങളും പിളർക്കലുമാണ്  ഇവരുടെ പ്രധാന ഹോബി. ഇവരിലെ സ്ഥായീഭാവം എല്ലാത്തറ്റിനോടും അകാരണമായ ശത്രുതയായിരിക്കും.  

ഇഷ്ടകരവും അനിഷ്ടകരവുമായ ഒരു പാട് അനുഭവങ്ങളിലൂടെ വളരുന്തോറും ഓരോരുത്തരും കടന്നു പോവേണ്ടി വരും. അവയിൽ നിന്നെല്ലാം വിവേകികളും  വിജയികളും മുന്നോട്ടുള്ള ഗമനത്തിനും വളർച്ചക്കും ഉതകുന്നതൊക്കെ സ്വീകരിക്കുകയും അല്ലാത്തവയെ നിരാകരിക്കുകയും ചെയ്യും. അവരാണ് സന്തോഷവാൻമാർ. അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യാത്തവർ. മുതിർന്നവരുടെയും മാതാപിതാക്കളുടെയും ശാസനയിലെയും ശകാരത്തിലെയും മുള്ളുകളെ പരിഗണിച്ചുകൊണ്ട് തന്നെ പൂവുകളെ ആസ്വദിക്കുന്നവരാണവർ. പരിഹാസങ്ങളെയും കുറ്റപ്പെടുത്തലുകളെയും അവർ വിചാരപൂർവം പാഠങ്ങൾ ആക്കി മാറ്റുന്നു. അവർ പൊട്ടിത്തെറിക്കുകയില്ല. പതറുകയുമില്ല. കാരണം അവരുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നത് മറ്റുള്ളവരല്ല. അവർ സ്വന്തമാണ് എന്ന ഉത്തമ ബോധ്യം അവർക്കുണ്ട്. കൂടാതെ ജീവിതത്തെ കുറിച്ചു വ്യക്തമായ ദിശാബോധവുമുണ്ട്. മറക്കാനും പൊറുക്കാനും അതിനാൽ അവർക്ക് എളുപ്പം കഴിയുന്നു.

മറ്റുള്ളവരുടെ ന്യൂനതകളും വൈകല്യങ്ങളും  ഇവരുടെ ജീവിതത്തെ ദുസ്സഹമാക്കില്ല. അർഹിക്കേണ്ട പരിഗണന മാത്രം നൽകി തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും അവർക്ക് കഴിയുന്നു. അതിനാൽ തന്നെ  ഭാരരഹിതമായ മനസ്സുമായി അവർ ജീവിക്കുന്നു. നന്നായി ഉറങ്ങാനും വേണ്ടത്ര ഉല്ലസിക്കാനും കഴിയുന്നു. ഏതു കാറ്റിലും കോളിലും അക്ഷോഭ്യരായി നിലയുറപ്പിക്കാനാകുന്നു. സുകൃതങ്ങളിൽ കണ്ണി ചേരുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്യുന്നു.  നിരുപാധികം മറ്റുള്ളവരിലെ നന്മകളെയും കഴിവുകളെയും ഇവർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും.

കടന്നു പോവുന്ന ദിനങ്ങളോരോന്നും വിലമതിക്കാനാവത്തതാണെന്ന തിരിച്ചറിവിൽ  തനിക്കും കുടുംബത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ വെമ്പൽ കൊള്ളുന്നവരുമായിരിക്കും ഇവർ. ഇവരോടൊത്തു സഹവസിക്കാൻ പലർക്കും ഇഷ്ടമായിരിക്കും. ഇവരിലെ ശുഭാകാമനകൾ സൗഹൃദങ്ങളെ ഹൃദ്യമാക്കുന്നു. നൈസർഗികമായ ഊർജ പ്രവാഹം സദസ്സുകളെയും വായനക്കാരെയും  ചിന്തിപ്പിക്കുകയും ഗുണാത്മകതയിലേക്ക് പ്രചോദിപ്പിക്കുന്ന തരത്തിൽ നവോന്മേഷം പകരുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ഊഷ്മളമാക്കി നിലനിർത്തുന്നതിൽ ഇവരുടെ വാക്കും പ്രവൃത്തിയും അനിതരമായ സ്വാധീനം ചെലുത്തുന്നത് കാണാം.

ആകാശവും ഭൂമിയും പൂക്കളും പൂമ്പാറ്റകളും കാറ്റും കടലും കുന്നും താഴ്‌വാരങ്ങളും ഉദയാസ്തമയങ്ങളുമൊക്കെ ഇവരുടെ ഉറ്റചങ്ങാതിയിടങ്ങളായിരിക്കും. എല്ലായിടത്തും ആനന്ദം കണ്ടെത്താൻ കഴിയുന്ന സുകൃതവാന്മാരാണിവർ. ഇടതടവില്ലാതെ ജീവിതം ആസ്വദിക്കുന്നവർ. കടന്നു പോവുന്ന വഴികളിലെല്ലാം ഇവരുടെ ക്ഷേമത്തിന് വേണ്ടി പ്രാർഥിക്കുന്ന ഒരുപാട് പേർ ഇവരുടെ കൂട്ടുകാരായി മാറും. കാരണം ഇവർ അവരുടെ ജീവിതത്തിൽ കൂടി വെളിച്ചവും ശുഭാപ്തി വിശ്വാസവും  പകർന്നു നൽകാൻ ബദ്ധശ്രദ്ധയുള്ളവരായിരിക്കും. മനുഷ്യത്വത്തിന്റെ എണ്ണ വറ്റാത്ത വിളക്ക് കൈവശമുള്ളതിനാൽ ഇവർക്ക് വിശ്വമെവിടെയുമെപ്പോഴും പ്രകാശപൂരിതമായിരിക്കും. ജീവിതം അനുഭൂതി ധന്യമായിരിക്കും. സുഹൃത്തെ, നമ്മുടെ രാപ്പകലുകളിൽ  നാം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ഥായീഭാവം ഇതിൽ ഏതാണ്? ഉള്ളിൽ കൂടുതൽ ഉച്ചത്തിൽ  മുഴങ്ങുന്നത് ആരുടെ ശബ്ദമാണ്?

Latest News