ന്യൂദല്‍ഹി- പ്രശസ്ത ശില്പിയും കലാകാരനുമായ സുബോധ് ഗുപ്ത മി ടൂ ആരോപണങ്ങളില്‍ കുടുങ്ങി. അസിസ്റ്റന്റുമാരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത സ്ത്രീയെ പിരിച്ചുവിട്ടുവെന്ന ആരോപണവും അദ്ദേഹം നേരിടുന്നു.
കലാരംഗത്തെ മി ടൂ കഥകള്‍ പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാമിലെ @herdsceneand എന്ന ഹാന്‍ഡ്ലിലാണ് സുബോധ് ഗുപ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ച സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പലരേയും സ്വന്തം ഇംഗിതത്തിനു പ്രേരിപ്പിച്ചുവെന്നും അനാവശ്യമായി സ്പര്‍ശിച്ചുവെന്നും ഗുരതരമായ ആരോപണങ്ങളില്‍ പറയുന്നു. ജോലി നിര്‍വഹിക്കാന്‍ ആവശ്യമായ പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുപ്ത ഒരു അസിസ്റ്റന്റിനെ പിരിച്ചുവിട്ടതെന്നും പറയുന്നു.