ബോളിവുഡ് സിനിമയിലിപ്പോള്‍ വിവാഹത്തിന്റെ സമയമാണ്. ഒന്നിന് പുറകെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും പ്രണയവാര്‍ത്തകളും പരസ്യമായത്. ഇരുവരേയും പല വേദികളിലും ഒരുമിച്ച് കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പാപ്പരാസികളും ഇവരെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അടുത്തിടെ ഇരുവരും ഒരുമിച്ച് ഫഌറ്റ് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താന്‍ സിംഗിളല്ലെന്നും വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ അടുത്ത് തന്നെ തുടങ്ങുമെന്നും അര്‍ജുന്‍ കപൂര്‍ പറഞ്ഞിരുന്നു. കരണ്‍ ജോഹറിന്റെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു താരപുത്രനോട് പ്രണയത്തെക്കുറിച്ച് ചോദിച്ചത്. സിംഗിളല്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ആരാണ് തന്റെ പ്രണയിനിയെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നില്ല. മലൈക അറോറയും അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മലൈകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങിപ്പോവുന്ന താരപുത്രന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാനായി ആരാധകര്‍ അരികിലെത്തിയിരുന്നുവെങ്കിലും താരപുത്രന് അത്ര സന്തോഷമില്ലായിരുന്നു. തലയും താഴ്ത്തി നടന്നുപോവുന്ന താരപുത്രന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സിംഗിളല്ലെന്ന് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് മലൈകയോട് ചോദിച്ചപ്പോള്‍ താരവും കൃത്യമായി പ്രതികരിച്ചിരുന്നില്ല. അടുത്തിടെ മലൈക വ്യായാമ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ആദ്യം കമന്റ് ചെയ്തത് അര്‍ജുനായിരുന്നു.