വീട് ജപ്തി ചെയ്തിട്ടില്ല-ശാലു മേനോന്‍ 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്തയിലെ താരങ്ങളായിരുന്നു സരിതാ നായരും ശാലു മേനോനും. ശാലുവിന്റെ വീട് ജപ്തി ചെയ്തുവെന്നതായിരുന്നു ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത. നടി ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. 'ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നുവെന്ന് പറയപ്പെടുന്ന വീട്ടിലാണ് ഞാനിപ്പോഴും താമസിക്കുന്നത്. നിലവില്‍ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല,'ശാലു മേനോന്‍ പ്രതികരിച്ചു.
'ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാര•ാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഞാനിത്രയും സ്‌റ്റേജ് പരിപാടികള്‍ നടത്തുന്ന ഒരാളാണ്. ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. ഇങ്ങനെയൊരു കാര്യം നടന്നിട്ടാണെങ്കില്‍ ശരി. പക്ഷേ, കേസ് കോടതിയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ വരുന്നത് വളരെയധികം മാനസിക സംഘര്‍ഷമുണ്ടാക്കും. 
കേസിന്റെ വിചാരണയും സാക്ഷി വിസ്താരവും തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ നിരവധി സ്‌റ്റേജ് പരിപാടികള്‍ നടക്കുന്ന സമയമാണ്. പ്രോഗ്രാം ബുക്കിങ്ങും നടക്കുന്ന സമയം. പിന്നെ, എന്നെ അറസ്റ്റ് ചെയ്ത സമയത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് ഉണ്ടായിരുന്നു. അത് 2013ല്‍ വന്നതാണ്. അതല്ലാതെ, ഇപ്പോള്‍ നിലവില്‍ സാക്ഷിവിസ്താരം പോലും നടക്കാത്ത കേസില്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. കോടതിയിലാണ് കേസ് ഇപ്പോള്‍ . പെരുമ്പാവൂരിലെ കേസില്‍ എന്നെ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു'
ശാലു മേനോന്‍ വ്യക്തമാക്കി.

Latest News