താരസംഘടനയായ 'അമ്മ' പ്രളയദുരിതാശ്വാസ സംഭവനക്കായി ഡിസംബര്‍ ഏഴിന് അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുന്നുണ്ട്. ഏഷ്യാനെറ്റുമായി ചേര്‍ന്നാണ് വിപുലമായി താരനിശ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരസ്യങ്ങള്‍ ചാനലുകളില്‍ വന്നുകൊണ്ടിരിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നിവരൊക്കെ പരസ്യത്തില്‍ വരുന്നുണ്ട്. ഇപ്പോഴിതാ അബുദാബി ഷോയിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നു.
ഷോയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യുസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത് മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യുസിസി പുതിയ ആവശ്യം ഉന്നയിച്ചത്.
ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യുസിസിയുടെ ഹര്‍ജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക. നേരത്തെ കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന് എന്നിവര്‍ അംഗങ്ങളായ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ 'അമ്മ എക്സികുട്ടീവ് തീരുമാനിച്ചിരുന്നു. ഡബ്ല്യുസിസി മുന്‍ നിരയിലുണ്ടായിരുന്ന മഞ്ജു ഇപ്പോള്‍ 'അമ്മ' പക്ഷത്താണ്. മാത്രമല്ല ഷോയുടെ പരസ്യത്തിനായും താരം രംഗത്തുണ്ട്.