ആഗോള വിപണിയിൽ ഐഫോൺ അടക്കമുള്ള സ്മാർട്ട് ഫോണുകളുടെ വിൽപന കുറഞ്ഞത് നിരവധി കമ്പനികളെ പ്രതിസന്ധിയിലാക്കി. ഐഫോൺ നിർമാതാക്കളായ ആപ്പിളിനുവേണ്ടി ഘടക ഭാഗങ്ങൾ നിർമിച്ചു നൽകുന്ന കമ്പനികളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്. ആപ്പിളിന് സ്‌ക്രീനുകൾ വിൽക്കുന്ന ജപ്പാൻ ഡിസ്‌പ്ലേ കമ്പനി അവരുടെ ഉൽപാദനം വെട്ടിക്കുറക്കാൻ നിർബന്ധിതരായി. കമ്പനിയുടെ പകുതി ഡിസ്‌പ്ലേയും വാങ്ങുന്നത് ആപ്പിളാണ്. ആപ്പിളിന് വേണ്ടി ഫേഷ്യൽ റെക്കഗ്‌നിഷൻ സെൻസറുകൾ നിർമിക്കുന്ന ലുമെന്റം ഹോൾഡിങ്‌സും പ്രതസിന്ധിയിലാണ്. ഈ വർഷം വിൽപന ഗണ്യമായി കുറയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലുമെന്റം നിർമിക്കുന്ന ഫേഷ്യൽ റെക്കഗ്‌നിഷനു വേണ്ട ത്രീ ഡി സെൻസിങ് ഘടക ഭാഗങ്ങൾ ഉപയോഗിക്കപ്പെടുന്ന ഫോണുകളിലേറെയും 1000 ഡോളറോ അതിലേറെയോ വിലയുള്ളവയാണ്. ഇവ വിറ്റു പോകുന്നുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.
സ്മാർട്ട് ഫോണുകളുടെ പ്രാഥമിക ദൗത്യങ്ങൾ നിറവേറ്റാൻ വില കുറഞ്ഞ ഹാൻഡ്‌സെറ്റുകൾ ധാരാളം മതിയാകുമെന്ന ചിന്തയാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികൾക്ക് വിനയായിരിക്കുന്നത്. കമ്പനികൾ അവകാശപ്പെടുന്ന മേന്മകൾ കുറച്ചു കാലത്തേക്ക് മാത്രമാണെന്ന് ഉപയോക്താക്കൾ തിരിച്ചറിയുന്നു.
ഫോണുകൾക്ക് വില കൂട്ടിയും പാട്ടുകളും വീഡിയോയും സ്ട്രീം ചെയ്യുന്നതിലൂടെയും സ്‌റ്റോറേജ് വിറ്റും മറ്റുമാണ് കമ്പനികൾ പിടിച്ചുനിൽക്കാൻ ശ്രമം നടത്തുന്നത്. സ്മാർട്ട് ഫോൺ കമ്പനികളും അവയുടെ ഘടക ഭാഗങ്ങൾ നിർമിക്കുന്ന കമ്പനികളും നേരിടുന്ന പ്രതിസന്ധി ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
ഏതാനും ദിവസം മുമ്പ് ആപ്പിളിന്റെ ഓഹരിവില അഞ്ച് ശതമാനം കുറഞ്ഞപ്പോൾ ലുമെന്റത്തിന്റെ ഓഹരി വില കുറഞ്ഞത് 30 ശതമാനമാണ്.
ഈ വർഷം ഇറക്കിയ ഫോണുകൾക്ക് ആവശ്യക്കാർ കുറഞ്ഞാൽ ആപ്പിൾ വീണ്ടും ഘടക ഭാഗങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ചേക്കാമെന്ന ആശങ്കയിലാണ് മറ്റു കമ്പനികൾ.