തെളിവായി പോലീസ് പിടിച്ചുവെച്ച ഐഫോൺ ടെന്നിലെ ഉള്ളടക്കം മായ്ച്ച് കളഞ്ഞ് യുവതി അധികൃതരെ ഞെട്ടിച്ചു. തെളിവു നശിപ്പിച്ചുവെന്ന കുറ്റം കൂടി ചുമത്താൻ ഒരുങ്ങുകയാണ് പ്രോസിക്യൂട്ടർമാർ. ന്യൂയോർക്കിലാണ് സംഭവം. കാറിലെത്തി വെടിവെച്ച കേസിലാണ് വാഹനം ഓടിച്ചിരുന്ന 24 കാരി ജുവല്ലെ എൽ. ഗ്രാന്റിനെ പോലീസ് പിടികൂടിയത്. തെളിവായി ഐഫോൺ ടെൻ കണ്ടുകെട്ടിയതായി പോലീസ് ജുവല്ലെയെ അറിയിക്കുകയും ചെയ്തു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പറ്റിയ തെളിവായാണ് പോലീസ് ഐഫോണിലെ ലൊക്കേഷൻ ഡാറ്റയെ കണ്ടത്. കൂട്ടത്തിൽ ഫോണിലെ മറ്റു വിവരങ്ങളും തെളിവായി ഉപയോഗിക്കാമെന്നും കരുതി.
പോലീസ് സ്റ്റേഷനിൽ കൊണ്ടുവെച്ച ഫോണിലെ വിവരങ്ങൾ അൽപസമയത്തിനകം ജുവെല്ലെ മായ്ച്ച് കളയുകയായിരുന്നു. ഐഫോണുകളും ഐപാഡുകളും നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ അതിലെ ഉള്ളടക്കം മുഴുവൻ മായ്ക്കാനുള്ള സൗകര്യം പത്ത് വർഷം മുമ്പാണ് ആപ്പിൾ കമ്പനി ഏർപ്പെടുത്തിയത്.
തെളിവ് നശിപ്പിച്ചുവെന്ന കുറ്റം കൂടി ചേർത്ത് യുവതിക്കെതിരായ കേസ് ശക്തമാക്കാൻ ഒരുങ്ങിയിരിക്കയാണ് പോലീസ് പ്രോസിക്യൂട്ടർമാരും.