ബോളിവുഡ് ചിത്രം കേദാര്‍നാഥ് ലൗജിഹാദാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. കേദാര്‍നാഥ് 2013ല്‍ ഹിമാചല്‍ പ്രദേശിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി പറയുന്ന പ്രണയ കഥയാണ്. മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയം അംഗീകരിക്കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗം നേതാവായ അജേന്ദ്ര അജയ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതും ലൗജിഹാദ് വളര്‍ത്തുന്നതുമാണ് ചിത്രമെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. വലിയൊരു ദുരന്തത്തിന്റെ കഥയാണ് ചിത്രത്തിന്റെ സംവിധായകന് അഭിഷേക് കപൂര്‍ പറയുന്നത്. ചിത്രത്തിന്റെ ടാഗ് ലൈന്‍ പ്രണയം ഒരു തീര്‍ത്ഥാടനമാണെന്നായിരുന്നു. ഇതില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നവര്‍ തമ്മിലുള്ള ചുംബന രംഗത്തെയും ബിജെപി വിമര്‍ശിക്കുന്നുണ്ട്.
കേദാര്‍നാഥ് എന്നത് ഹിന്ദുക്കളുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നതാണ്. എന്നാല്‍ ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം ഒരു മുസ്ലീമാണ്. അവര്‍ക്ക് നായകനായി ഒരു ഹിന്ദുവിനെ കൊണ്ടുവരാന്‍ സാധിച്ചില്ലെയെന്നും അജയ് ചോദിക്കുന്നു. ചിത്രത്തില്‍ മുസ്ലീമായ പോര്‍ട്ടറും ഹിന്ദുവായ തീര്‍ത്ഥാടകയും തമ്മിലുള്ള പ്രണയം തീവ്രമായിട്ടാണ് പ്രതിപാദിക്കുന്നത്. ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്താല്‍ വമ്പന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ റിലീസ് വിലക്കുന്നതായിരിക്കും സെന്‍സര്‍ ബോര്‍ഡിന് നല്ലതെന്നും അജയ് മുന്നറിയിപ്പ് നല്കി.