ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം പതിപ്പിന് ഡിസംബര്‍ 1ന് ഹൈദരാബാദില്‍ തിരശ്ശീല ഉയരും. ഹൈദരാബാദ് പി.വി.ആര്‍ ഇന്റോബിറ്റ് മാളിലെ വിവിധ സ്‌ക്രീനുകളിലായാണ് പ്രദര്‍ശനങ്ങള്‍. 4 ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ദേശീയഅന്തര്‍ദേശീയ ഫീച്ചര്‍ ഫിലിമുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേളയില്‍ ദിവസേന 16ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ മുഖ്യപരിപാടികളിലൊന്നായ അലിഫില്‍ ലോക സിനിമകള്‍ ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൃശ്യ ശ്രാവ്യ മികവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
ആഗോളശ്രദ്ധ നേടിയ ചലച്ചിത്ര മേളയുടെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പിവിആര്‍ സിനിമ സി.ഇ.ഒ കമല്‍ ഗ്യാന്‍ചന്ദാനി പറഞ്ഞു. ഈ ചലച്ചിത്രമേളയിലൂടെ രാജ്യത്തെ സിനിമ മേഖലയ്ക്ക് വ്യാവസായിക ഉന്നതി ഉള്‍പ്പടെ ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ഇന്‍ഡിവുഡ് ടീമിനു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രമേളയ്ക്കായി മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ വിട്ടു നല്‍കിയ പിവിആര്‍ മാനേജ്‌മെന്റ് നടപടിയെ അലിഫ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ നിഷാ ജോസഫ് പ്രശംസിച്ചു. ദക്ഷിണേന്ത്യയിലെ സിനിമ സംരഭങ്ങള്‍ക്ക് കരുത്തേകുന്ന തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു.