വൺപ്ലസ് 6 സ്മാർട് ഫോണിന്റെ പുതിയ പതിപ്പായ വൺ പ്ലസ് 6 ടി ഇന്ത്യയിലും പുറത്തിറക്കി. 37,999 രൂപ മുതലാണ് വില. സ്ക്രീൻ പ്രൊട്ടക്ടർ, ട്രാൻസ്പരന്റ് കെയ്സ്, ഫാസ്റ്റ് ടൈപ് സി ചാർജർ, 3.5 എം.എസ് ഹെഡ്ഫോൺ ജാക്ക് അഡാപ്റ്റർ എന്നിവയാണ് ബോക്സിലുള്ളത്.
ചെറിയ ഡിസ്പ്ലേ നോച്ചും മികച്ച ക്യാമറയും മികച്ച ബാറ്ററിയും വൺപ്ലസ് 6ടിയുടെ സവിശേഷതകളാണ്. ഡിസ്പ്ലേക്കടിയിൽ തന്നെ ഫിംഗർ പ്രിന്റ് സ്കാനറുമായി പുതിയ സ്ക്രീൻ അൺലോക്ക് സൗകര്യവുമുണ്ട്.
ദീപാവലി വിപണി ലക്ഷ്യമിട്ട് അവതരിപ്പിച്ച ഫോൺ നവംബർ രണ്ട് മുതൽ ഇന്ത്യയിൽ വിൽപനയാരംഭിക്കും. ആമസോണിൽ മുൻകൂർ ബുക്കിങ് ആരംഭിച്ചിരുന്നു.
വൺപ്ലസ് 6 സ്മാർട്ട് ഫോണിനേക്കാൾ വലിയ ഡിസ്പ്ലേയാണ് 6 ടിയിലുള്ളത്. വൺപ്ലസ് 6 സ്മാർട്ട് ഫോണിന് 6.28 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെങ്കിൽ വൺപ്ലസ് 6ടിക്ക് 6.41 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 2340 ഃ 1080 പിക്സൽ റസലൂഷനാണിതിന്. ഡിസ്പ്ലേ നോച്ചിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. ഫോണിന്റെ മുൻ ഭാഗത്തുണ്ടായിരുന്ന എൽ.ഇ.ഡി നോട്ടിഫിക്കേഷൻ ലൈറ്റും മാറ്റി.
കോർണിങ് ഗൊറില്ല ഗ്ലാസ് 6 സംരക്ഷണമാണ് പുതിയ പതിപ്പിന് നൽകിയിരിക്കുന്നത്. പഴയ പതിപ്പിന് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമായിരുന്നു. ടൈപ് സി ചാർജർ സ്ലോട്ടുള്ള ഫോണിൽനിന്ന് ഹെഡ്ഫോൺ ജാക്ക് ഒഴിവാക്കിയിട്ടുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസറിൽ ആറ് ജിബി, എട്ട് ജിബി റാം പതിപ്പുകളാണുള്ളത്. യഥാക്രമം 128 ജിബി, 256 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ്. 3700 എംഎഎച്ചിന്റേതാണ് ബാറ്ററി.
16+20 മെഗാപിക്സൽ ഡ്യുവൽ ക്യാമറയാണുള്ളത്. സെൽഫി ക്യാമറക്ക് 16 മെഗാപിക്സലിന്റെ സെൻസറും നൽകിയിരിക്കുന്നു. ഇതേ ക്യാമറകൾ തന്നെയാണ് വൺപ്ലസ് 6 ലും ഉണ്ടായിരുന്നതെങ്കിലും കുറഞ്ഞ പ്രകാശത്തിൽ ഫോട്ടോഗ്രഫി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നൈറ്റ് സ്കേപ് മോഡ് ക്യാമറയിൽ ചേർത്തിട്ടുണ്ട്.
ഗ്ലാസിൽ നിർമിതമാണ് 6ടി. മിറർബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒ.എസ് ആണ് ഫോണിലുണ്ടാവുക.
ഫെയ്സ് അൺലോക്കും ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുമുണ്ട്. കപ്പാസിറ്റീവ് സെൻസറിന്റെ അതേ സുരക്ഷിതത്വം തന്നെ പുതിയ സെൻസറിനും ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് നിർദേശിക്കുന്ന സ്ക്രീൻ പ്രൊട്ടക്ഷൻ ഉപയോഗിച്ചാൽ ഫിംഗർപ്രിന്റ് സ്കാനർ കൃത്യമായി പ്രവർത്തിക്കുമെന്നും കമ്പനി ഉറപ്പു നൽകുന്നു.
ഡിസ്പ്ലേയിൽ ചെറിയ വരകൾ വീണാലും സ്ക്രീൻ അൺലോക്ക് പ്രവർത്തിക്കുമെന്ന് കമ്പനി പറയുന്നു.