ലോകമെമ്പാടും മീ ടൂ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. എം.ജെ അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനം തന്നെ നഷ്ടമാകുന്ന സാഹചര്യമാണ് ഇന്ത്യയിലെ മീടു വെളിപ്പെടുത്തലുകളുടെ ശക്തി കാട്ടിയത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. സംവിധായകരില്‍ നിന്നടക്കമുണ്ടായ ദുരനുഭവങ്ങള്‍ അഭിമുഖത്തിലാണ് മുംതാസ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഒരു സംവിധായകന്റെ പെരുമാറ്റം അതിരുകടന്നതോടെ ചെരുപ്പൂരി അടിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. നടികര്‍ സംഘമാണ് സംഭവം ഒത്തുതീര്‍പ്പാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി. അതേസമയം സംവിധായകന്റെ പേരു വെളിപ്പെടുത്താന്‍ ഗ്ലാമര്‍ നായിക തയ്യാറായില്ല.
അഭിനയ ജീവിതത്തിന്റെ ആദ്യ കാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുംതാസ് വിവരിച്ചു. അമ്മ ഒപ്പം വരാറുണ്ടായിരുന്നു. വരാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ അമ്മ മുളക്‌പൊടി പൊതിഞ്ഞ് നല്‍കുമായിരുന്നെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ഉപയോഗിക്കണമെന്ന ഉപദേശം നല്‍കിയിരുന്നതായും താരം വിവരിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുറിയിലേക്ക് വിളിച്ചാല്‍ പോകരുതെന്ന് അമ്മ പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.