കോടതിയിലെത്തിയതോടെ എംടിയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ചു സംവിധായകന്‍ ശ്രീകുമാര്‍
മേനോന്‍. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മോനോനുമായുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. കേസ് നിയമയുദ്ധമായി മാറില്ലെന്നും ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗവും റിലീസ് ചെയ്യാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചത്.
സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതോടെ എംടിയുടെ തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് സംവിധായകനും നിര്‍മ്മാതാവിനും കോടതി നോട്ടീസ് അയച്ചിരുന്നു.