ന്യൂദല്‍ഹി- 48 മണിക്കൂറിനിടെ ലോകത്തൊട്ടാകെ ഇന്റര്‍നെറ്റ് പണിമുടക്കുമെന്ന് മുന്നറിയിപ്പ്. പ്രധാന ഡൊമൈന്‍ സെര്‍വറുകളിലും അനുബന്ധ സജ്ജീകരണങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് (ഐകാന്‍) ആണ് ഡൊമൈന്‍ നെയിം സിസ്റ്റം (ഡി.എന്‍.സ്) സുരക്ഷ ഉറപ്പാക്കുന്നതിന് അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്റര്‍നെറ്റിലെ അഡ്രസ് ബുക്കാണ് ഡി.എന്‍.എസ്. സൈബര്‍ ആക്രമണങ്ങളെ തടയുന്നതിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് ഈ അറ്റകുറ്റപ്പണിയെന്നും ഐകാന്‍ അറിയിച്ചു. ഇന്റര്‍നെറ്റ് തടസ്സം മുന്‍കൂട്ടി കണ്ട് തയാറെടുപ്പുകള്‍ നടത്താത്ത നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരുടേയും ഇന്റര്‍നെറ്റ് സേവന ദാതാക്കളുടേയും (ഐ.എസ്.പി) ഉപഭോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാനിടയുണ്ടെന്നും മതിയായ മുന്‍കരുതലുകളെടുത്താല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമെന്നും കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
നാം ബ്രൗസറില്‍ വെബ്‌സൈറ്റുകളുടെ അഡ്രസ് ടൈപ് ചെയ്യുമ്പോള്‍ അത് ഐ.പി അഡ്രസുകളുമായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് ട്രാഫിക് ശരിയായ ഇടത്തേക്ക് തിരിച്ചുവിടുന്ന സംവിധാനമാണ് ഡി.എന്‍.എസ്. ഈ ഡി.എന്‍.എസിലാണ് അപ്‌ഡേഷന്‍ നടക്കുന്നത്. സൈബര്‍ ആക്രമണ ഭീഷണി മൂലം ഐകാന്‍ ഇത് ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇതു മൂലം പല ഉപഭോക്താക്കള്‍ക്കും വെബ്‌പേജിലെത്താന്‍ കാലതാമസമെടുത്തേക്കാം. കാലോചിത മാറ്റം വരുത്താത്ത കമ്പനികളുടെ കണക്ഷനാണെങ്കില്‍ ഈ സമയം ഇന്‍ര്‍നെറ്റ് ബന്ധം തന്നെ പൂര്‍ണമായും നിലക്കും.
ലോകത്തൊട്ടാകെ എല്ലാ ഉപഭോക്താക്കളേയും ഇതു ബാധിക്കില്ലെന്നും ഐകാന്‍ അറിയിച്ചു. 3.6 കോടി ഉപഭോക്താക്കളെ മാത്രമെ ഇതു ബാധിക്കാനിടയുള്ളൂ. മൊത്തം ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമെ ഇതു വരുന്നുള്ളൂ.