Sorry, you need to enable JavaScript to visit this website.

അമ്മ സ്റ്റേജ് ഷോ അബുദാബിയില്‍ 

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്‌റ്റേജ്‌ഷോ നടത്താന്‍ താരസംഘടന. 
അമ്മയുടെ സ്റ്റേജ് ഷോ അബുദാബിയില്‍ നടക്കും. അഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കാനാണ് ഉദ്ദേശം. ഇതു സംബന്ധിച്ച് ഇന്ന് ചേരുന്ന അമ്മ യോഗത്തില്‍ ധാരണയാവും. 
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് അന്ത്യശാസനവുമായി ഡബ്ല്യുസിസി അംഗങ്ങളായ നടിമാര്‍ രംഗത്തെത്തി. നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കത്ത് നല്‍കിയിരുന്നു. 'അമ്മ' അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ മറ്റു ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാല്‍ നടിമാര്‍ മൂന്നാമതും കത്ത് നല്‍കിയിരിക്കുകയാണ്. തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി കുറ്റവിമുക്തനാക്കുന്നതു വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാര്‍ സംഘടനയ്ക്ക് മുന്‍പില്‍ വച്ച പ്രധാന നിര്‍ദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 7 ന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. 'അമ്മ'യില്‍ നിന്ന് രാജിവെച്ചുപോയ ഡബ്ല്യുസിസി അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. കഴിഞ്ഞ 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യുസിസി അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും 'അമ്മ'യില്‍ നിന്ന് രാജിവച്ചിരുന്നു. 
എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ നടിമാര്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നിയമോപദേശം തേടിയതായും മോഹന്‍ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Latest News