അഹമദാബാദ്- ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായ ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായ പ്രമുഖ പാലുല്‍പ്പന്ന ബ്രാന്‍ഡ് അമൂല്‍ ഇന്ത്യയിലാദ്യമായി ഒട്ടകപ്പാല് വിപണിയിലെത്തിക്കുന്നു. ശുദ്ധീകരിച്ച ഫ്രഷ് ഒട്ടകപ്പാല് 500 മില്ലി ബോട്ടിലുകളിലാക്കി പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത ഡിസംബറോടെ വിപണിയിലെത്തിക്കാനുള്ള പദ്ധതിക്ക് അമൂല്‍ ത്വരിതപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ അടുത്ത ദീപാവലിയോടെ അഹ്മദാബാദില്‍ മാത്രമായിരിക്കും ഇതു ലഭിക്കുക. ഇതിനായുള്ള ഒട്ടകപ്പാല് ശുദ്ധീകരണ പരീക്ഷണങ്ങള്‍ നടത്തിവരികയാണിപ്പോള്‍ കമ്പനി. ഒട്ടകപ്പാലിന്റെ മണം മാറ്റി കൂടുതല്‍ രുചികരമാക്കി വിപണിയിലെത്തിക്കാനാണു പദ്ധതി.
ഗുജറാത്തിലെ കച്ചില്‍ അമൂല്‍ പ്രത്യേക ഒട്ടകപ്പാല് ശുദ്ധീകരണ യൂണിറ്റ് നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ ജോലികളും രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. ഇതു പ്രവര്‍ത്തന സജ്ജമായാല്‍ ഒട്ടകം വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നും പാല് ശേഖരിച്ചു തുടങ്ങും. ഇതു ശുദ്ധീകരിച്ച് അഹ്മദാബാദില്‍ മാത്രമായിരിക്കുും ആദ്യ ഘട്ടത്തില്‍ വില്‍പ്പനയെന്നും ഗുജറാത്ത് കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് മാനേജിങ് ഡയറക്ടര്‍ ആര്.സ് സോധി പറഞ്ഞു. പ്രതിദിനം ഇരുപതിനായിരം ലീറ്റര്‍ ഒട്ടകപ്പാല് ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് തുറക്കുന്നത്.