Sorry, you need to enable JavaScript to visit this website.

പെയ്‌തൊഴിയാത്ത മേഘങ്ങൾ

സാർ ക്ഷമിക്കണം. 'രാത്രി ഒന്നരക്ക് ഫോൺ റിംഗ് ചെയ്തപ്പോൾ മറുതലക്കൽനിന്നും പരിചിതമായ ശബ്ദം.  തുടങ്ങിയത് ക്ഷമാപണത്തോടെയായിരുന്നു. കോൺടാക്റ്റ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ തിരിച്ചറിയാൻ ഒരൽപം നേരമെടുത്തു.
'ഉറക്കം വരുന്നില്ല. ഇന്നലെ നാട്ടിൽ നിന്നെത്തിയതാണ്. ഞാനെന്തു ചെയ്യണം? ഇരുപത്തിയെട്ട് വർഷമായി ഞാനിവിടെ സൗദിയിൽ രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുകയാണ്. എന്നിട്ടും എനിക്കൊരു സമാധാനവും കിട്ടുന്നില്ലല്ലോ. നിങ്ങളെ ങ്കിലും എന്നെയൊന്ന് കേൾക്കുമോ? ഈ അസമയത്ത് എന്നെ കേൾക്കാൻ  നിങ്ങൾ സമയം കണ്ടെത്തണേയെന്ന പ്രാർത്ഥനയോടെയാണീ  ഫോണെടുത്തത്. 
ശല്യമായോ? ഞാനെന്തു ചെയ്യണം ? അയാൾ വീണ്ടും തിരക്കി. 'പറഞ്ഞോളൂ'  എന്ന എന്റെ പ്രതികരണം കേട്ടതും  സങ്കടങ്ങളുടെ ഒരു നീണ്ടനിര തന്നെ മുന്നിൽ നിരത്തി അയാളിലെ ആവലാതികളുടെ മനക്കാറ് മുഴുവനായി പെയ്ത് തീർത്തു.
ഇടർച്ചയുടേയും ദീർഘനിശ്വാസങ്ങളുടേയും പൊട്ടിക്കരച്ചിലിന്റെയും ഇടയിലൂടെ അയാളുടെ മനസ് മറയില്ലാതെ തുറന്ന് പറഞ്ഞതിന്റെ   ആശ്വാസത്തിലായിരുന്നു പിന്നീടയാൾ.
ഭാര്യയുടെയും മക്കളുടെയും ക്ഷേമത്തിനും വളർച്ചയ്ക്കുമായി ജീവിതം   അക്ഷരാർത്ഥത്തിൽ ഉഴിഞ്ഞുവെച്ച ഒരു സ്‌നേഹനിധിയായ ഭർത്താവും പിതാവുമായ ഈ സുഹൃത്ത് വർഷങ്ങൾക്ക് മുമ്പ് എന്നെ വിളിക്കുമായിരുന്നു. ഭാര്യയുമായുള്ള ചില സൗന്ദര്യപിണക്കങ്ങളും തുടർന്നുണ്ടാവുന്ന അകൽച്ചയും അസ്വാസ്ഥ്യവുമൊക്കെ പങ്ക് വെക്കാനായിരുന്നു ആ വിളികളിലധികവും. കട്ടികളുടെ വിദ്യാഭ്യാസത്തിൽ, അവരുടെ പുരോഗതിയിൽ  ഏറെശ്രദ്ധ പതിപ്പിക്കുന്ന ഈ സുഹൃത്ത് മിടുക്കിയായി പഠിക്കുന്ന മകളുടെ കാര്യത്തിൽ ഏറെ പ്രതീക്ഷയുള്ള ആളായിരുന്നു.
പ്രതിഭാശാലിയായ മകൾ പഠിച്ച് ഉന്നതമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടി പ്രതീക്ഷക്കൊത്തുയർന്നു വന്നു. എന്നാൽ, ഇതിനിടയിൽ വിദൂരദിക്കിലുള്ളവരുമായി പോലും എളുപ്പത്തിൽ ചങ്ങാത്തത്തിലാവാനുള്ള സൗകര്യമൊരുക്കിയ  സോഷ്യൽ മീഡിയയുടെ ഈ കാലത്ത്, മകൾ ദൂരെ ദിക്കിലെ ഒരു ചെറുപ്പക്കാരനുമായി സൗഹൃദത്തിലായിട്ടുണ്ട്. ബിരുദാനന്തര ബിരുദം മികച്ച രീതിയിൽ പൂർത്തിയാക്കിയ മകൾക്ക് യോജിച്ച ഇണയെ കണ്ടെത്തുന്നതിൽ വ്യാപൃതനായ ഇദ്ദേഹം ഈ കാര്യം വളരെ വൈകിയാണറിഞ്ഞത്.
പുതിയ കാലത്തെ പ്രവണതകളും പ്രതിസന്ധികളും തിരിച്ചറിയാൻ കെൽപുള്ള ഒരാളെന്ന നിലയിൽ, 
മകളുടെ ഇംഗിതം മാനിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ,  അവളുടെ കാര്യത്തിൽ അതീവജാഗ്രതയുള്ള, സാമ്പത്തികമായി ഏറെയൊന്നുമില്ലാത്ത സാധാരണക്കാരനായ ഈ പിതാവിന് മകൾ കണ്ടെത്തിയ സുഹൃത്ത് അവളുടെ ഭാവി ജീവിതത്തിന് അത്ര അനുയോജ്യനാവില്ലെന്ന് തിരിച്ചറിഞ്ഞു.
കാരണം, തികച്ചും  വ്യത്യസ്തമായ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌ക്കാരിക കുടംബ പശ്ചാത്തലമാണ്  വരനായി കിട്ടാൻ മകൾ കൊതിക്കുന്ന ആ യുവാവിന്റേത്.
പത്താം തരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ചെറുപ്പക്കാരനുമൊത്തുള്ള ദാമ്പത്യജീവിതം, താൽക്കാലിക ഭ്രമം ഒടുങ്ങി  ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വരുമ്പോൾ നിരാശയിലും പൊരുത്തക്കേടിലും കലാശിക്കാനുള്ള സാധ്യത  അയാളെ അലട്ടുന്നുണ്ട്. മകളുമായത് പല തവണ പങ്ക് വെച്ചിട്ടുണ്ട്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഓൺലൈൻ സൗഹൃദങ്ങൾ ഉണ്ടാക്കിയ ചതിക്കുഴികളെ കുറിച്ചും ഈ പിതാവ് മകളെ പലവുരു ബോധ്യപ്പെടുത്താൻ നോക്കിയിട്ടുണ്ട്. എന്നിട്ടൊന്നും അവൾ പിന്മാറിയില്ല. അവൾ അവളുടെ  തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നത്രെ.
രണ്ട് വർഷം മുമ്പ് യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് നിക്കാഹ് ചെയ്ത് കൊടുക്കാൻ ഒടുവിൽ ഇയാൾ മനമില്ലാമനസ്സോടെ  സന്നദ്ധത പ്രകടിപ്പിച്ചു.
പക്ഷെ രണ്ട് വർഷം കൂടികഴിഞ്ഞേ നിക്കാഹിനുള്ളൂ എന്ന്  ചെറുപ്പക്കാരന്റേ വീട്ടുകാർ ഉപാധി വെച്ചു. ഈ ചെറുപ്പക്കാരന്റെയും  ജ്യേഷ്ഠന്റെയും വിവാഹം ഒരുമിച്ച് നടത്താനാണ് അവർ ആഗ്രഹിക്കുന്നത്.  മൂത്ത മകന് വിവാഹത്തോടനുബന്ധിച്ച് കിട്ടാൻ പോകുന്ന പാരിതോഷികങ്ങളെ കുറിച്ച് പറഞ്ഞതിന് ശേഷം, നിങ്ങളുടെ മകൾ വെറും കയ്യോടെ കയറി വന്നാൽ അതവൾക്ക് മനപ്രയാസമുണ്ടാക്കിയേക്കാമെന്നാണ് ചെറുപ്പക്കാരന്റെ  കാര്യബോധമുള്ള പിതാവ് ഈയടുത്ത നാളിൽ ഒടുവിൽ പറഞ്ഞതത്രേ.
മക്കളുടെ പ്രണയവും വിവാഹവും തുടർന്ന് കുടുംബങ്ങളിൽ പൊടുന്നനെ ഉണ്ടാവുന്ന താളം തെറ്റലും വാർത്ത പോലുമല്ലാതായിരിക്കുന്നു .അഭിനവ  സീരിയൽ നിർമ്മിത ഗാർഹികാന്തരീക്ഷങ്ങളിൽ 
ഇത് ഏതെങ്കിലും ഒരു വീട്ടിലെ മാത്രം കഥയല്ല. മക്കളെ അളവിൽ കവിഞ്ഞ് ലാളിച്ചും  അല്ലെങ്കിൽ ശിക്ഷിച്ചും വളർത്തിയ പല രക്ഷിതാക്കളുടെയും വീട്ടിലെ സ്ഥിതിയാണിത്. 
ഒരുപാട് മുഖങ്ങൾ, വീടുകൾ, വിവാഹ സദസ്സുകൾ, വിവാവ മോചനങ്ങൾ, കോടതി കയറ്റങ്ങൾ, പോരുകൾ, കലഹങ്ങൾ,കണ്ണീർ കുടിച്ച് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവരുടെ വേവലാതികൾ എല്ലാം എന്റെ മനസ്സിൽ വലിയ ആൾക്കൂട്ടമായും ബഹളമായും  രൂപാന്തരപ്പെടാൻ തുടങ്ങി.
തിരക്കുകൾക്കിടയിൽ തിരിച്ചറിയപ്പെടാതെ പോയ പലതും പിന്നീട് തിരിച്ചറിയുമ്പോഴേക്കും പിടിവിട്ടു പോയ എത്രയോ ബന്ധങ്ങൾ. വലിയ വീടുകൾ പണിതത് കൊണ്ടോ, മക്കൾക്ക് പഠിക്കാനുള്ള പണവും പിന്തുണയും നൽകിയത്‌കൊണ്ടോ മാത്രമായില്ല.  മാതാപിതാക്കൾ പരസ്പരം അനുരാഗികളായി വിലസുന്ന, സ്‌നേഹം കളിയാടുന്ന വീടകം അവർക്കായി ഒരുക്കണം. 
പരിചയങ്ങളിലെ പ്രണയ വിവാഹങ്ങളിൽ വിജയിച്ചവ വളരെ കുറച്ചെണ്ണം മാത്രമേയുള്ളു. വീട്ടുകാരെ ധിക്കരിച്ചും, അവിഹിതമായി ഒരുമിച്ചും ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ച ഭൂരിഭാഗം ബന്ധങ്ങളും വിവാഹ മോചനത്തിൽ കലാശിക്കുകയോ , അമ്പേ പരാജയപ്പെടുകയോ സ്ഥോടനാത്മമായി തുടരുകയോ ചെയ്യുന്നതിന്റെ നൂറ് നൂറ് അനുഭവങ്ങളും വാർത്തകളും മനസ്സിൽ  തെളിഞ്ഞു. 

മാതാവും പിതാവും മക്കളും ഊഷ്മളമായ വിനിമയം നടത്തുന്ന വീടുകളിൽനിന്നും വരുന്ന ചെറുപ്പക്കാരുടെ വിവാഹ കാര്യങ്ങൾ താരതമ്യേന സംഘർഷരഹിതവും സമാധാന പൂർണവുമായിരിക്കും. കാരണം,സ്‌നേഹത്തിന്റെയും ആദരവിന്റേയും  കാരുണ്യത്തിന്റേയും വീട്ടു വീഴ്ചയുടേയും പാഠങ്ങൾ വായിച്ചു പഠിച്ചവരാവില്ല അവർ. അവയൊക്കെ അവർക്ക് നേരനുഭവങ്ങളായിരിക്കും.


മക്കളുടെ വിവാഹ ജീവിതം സന്തോഷഭരിതമായിരിക്കാൻ  കൊതിക്കാത്ത മാതാപിതാക്കളുണ്ടാവില്ല.എന്നാൽ ഇതേപോലെ തന്നെ മക്കളുടെ ഇണകൾക്കും കൂടി  ആഗ്രഹിക്കാതെ വരുമ്പോഴാണ് വീട്ടിൽ അസ്വാരസ്യങ്ങൾ മുളപൊട്ടുന്നത്. സ്വന്തം ഇണയുമൊത്ത ജീവിതം നരകമാക്കാനാഗ്രഹിക്കുന്നവർ വളരെ കുറവായിരിക്കും. എന്നാൽ ഇണയുടെ മാതാപിതാക്കളും സഹോദരീ സഹോദരൻ മാരുമൊത്തുള്ള ജീവിതത്തിൽ കൂടി ഇണയ്ക്ക്  സ്വൈര്യവും സമാധാനവും ഉണ്ടാവണമെന്നാഗ്രഹിക്കാതെ വരുമ്പോഴാണ് കുടുംബങ്ങളിൽ വിള്ളലുകൾ ഉടലെടുക്കുന്നത്.
ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞായിരിക്കേണേയെന്ന് റമളാനിലെ ഒടുവിലത്തെ ദിനങ്ങളിൽ  മനമുരുകി പ്രാർത്ഥിച്ച് കിട്ടിയ മകളുടെ ദാമ്പത്യ ജീവിതം അവൾക്ക്  സന്തോഷഭരിതമാവണേ എന്ന് തീവ്രമായി കൊതിക്കുന്ന ഒരു പിതാവിന്റെ കരുതലും കാര്യബോധവും വകവെക്കാതെ ആറ്റു നോറ്റുണ്ടായ ആ മകൾ ആജീവനാന്ത അസ്വസ്ഥകളിലേക്ക് ആ പതിക്കാനിടയുള്ള സാധ്യതയുള്ള ഒരു ബന്ധമാണല്ലോ മോഹിക്കുന്നത് എന്ന ആവലാതിയാണ് ഇവിടെ ഒരു പിതാവിന്റെ ഉറക്കം കെടുത്തുന്നത്. 
ഇങ്ങിനെ മക്കളുടെ വിഷയത്തിൽ ഉറക്കമില്ലാത്ത രാത്രികൾ ചിലവിടുന്ന എത്രയെത്രെ മാതാപിതാക്കൾ? അവരുടെ പൊരുത്തമില്ലാതെ കാൽപ്പനിക പ്രേമത്തിന്റെ താൽകാലിക ലഹരിക്കടിപ്പെട്ട് കുടുംബ ജീവിതം നിത്യ നരകമാക്കിയ എത്രയെത്ര മക്കൾ? അതി വിശിഷ്ടമായ വൈവാഹിക ജീവിതാനന്ദം അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ചില പ്രത്യേകതകൾ കാണാം.   തനിക്ക് ജന്മം തന്ന മാതാപിതാാക്കളേക്കാളും പ്രണയം തരുന്ന ഇണയേക്കാളും അവർ  കൂടുതൽ സ്‌നേഹിക്കുന്നത്  ഇവരെയും തന്നെയുമെല്ലാം സൃഷ്ടിച്ച് ,ഇണക്കി സംരക്ഷിക്കുന്നത് പോലെ, ഏത് നേരവും തങ്ങളെ തിരിച്ചു വിളിച്ചേക്കാവുന്ന സാക്ഷാൽ പടച്ചോനെയായിരിക്കും. അവന്റെ വിധി വിലക്കുകൾ പാലിച്ച് പരമാവധി മുന്നോട്ട് പോവുമ്പോൾ അവർക്ക് പരിഭവങ്ങൾക്ക് നേരമുണ്ടാവില്ല. പരിദേവനങ്ങളാൽ കാലം കഴിക്കില്ല. അവർ വീഴ്ചകൾ മറന്നും പോരായ്മകൾ വൈകാതെ തിരുത്തിയും  പൊറുത്തും   ദിനരാത്രങ്ങൾ ഉല്ലാസഭരിതമായി ജീവിച്ച് കൊണ്ടാടും.
 

Latest News