ഉറക്കം മാനസികാവസ്ഥയോട് ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങൾക്ക് താൽക്കാലിക പരിഹാരമെങ്കിലും കാണാൻ ശ്രമിക്കുക.
മുറിഞ്ഞു പോകുന്ന ഉറക്കം അസ്വാസ്ഥ്യപ്പെടുത്തുന്നുവെങ്കിൽ, കിടക്കയിൽ നിന്നെണീറ്റ് മറ്റൊരു മുറിയിൽ ചെന്നിരുന്ന് മറ്റെന്തെങ്കിലും പ്രവൃത്തി കുറച്ച് നേരത്തേക്ക് ചെയ്യുക. വായിക്കുകയോ പാട്ടു കേൾക്കുകയോ ആവാം. ഉറക്കം വരുമ്പോൾ കിടക്കുക. എന്നാലിത് ഒരു ശീലമാക്കരുത് താനും.
ഗൾഫിൽ കഴിയുന്നവർ കഴിവതും ഉറക്കത്തിന് ഒരു ചിട്ട പാലിക്കേണ്ടതുണ്ട്. ഉറങ്ങാൻ അഥവാ ചിലപ്പോൾ അൽപം വൈകിയാലും കഴിവതും കൃത്യസമയത്ത് എഴുന്നേൽക്കുക.
ഉറക്ക പ്രശ്നമുള്ളവർ, ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് നേർത്ത ചൂടുവെള്ളത്തിൽ കുളിക്കുക. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ പാൽ കുടിക്കുക.
കുടുംബത്തോടൊപ്പം കഴിയുന്ന ഗൾഫുകാർ ഒരു കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി ജീവനക്കാരനായ ഭർത്താവല്ലെങ്കിൽ കഴിവതും ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങാൻ മുതിരുക. ഭാര്യയോട് ഉറങ്ങാൻ പറഞ്ഞ് ഭർത്താവ് ടി.വി കണ്ടിരിക്കുകയോ, ഭർത്താവിനോടുറങ്ങാൻ പറഞ്ഞ് വീടുപണിയെടുത്ത് പാതിരാത്രിയാക്കുകയോ ചെയ്യുന്നത് നന്നല്ല. ഭാര്യയും ഭർത്താവും ഒന്നിച്ചുറങ്ങാൻ പോകുന്നത് കുട്ടികൾക്കുള്ള സന്ദേശം കൂടിയാണ്.
ഗൾഫിൽ ഭർത്താവിനോടൊപ്പം കഴിയുന്ന പുറംജോലിയില്ലാത്ത ഭാര്യമാർ, കഴിവതും പകലുറക്കം ഒഴിവാക്കുക. പകൽ നേരം ക്രിയാത്മകമായ കാര്യങ്ങളിലിടപെടുക.
ഗൾഫുകാർക്ക് ഉച്ചയൂൺ കഴിഞ്ഞ് ഇടവേളയുണ്ടെങ്കിലും, അരമണിക്കൂറിലധികം ഉറങ്ങാതിരിക്കുക. അത്തരം സമയങ്ങളിൽ മറ്റ് പ്രവൃത്തികൾ ചെയ്യുക. അപ്പോൾ ടി.വി കണ്ട് സമയം പോക്കുന്നതും ഒഴിവാക്കുക.
വ്യാഴാഴ്ചകളിൽ പാതിരാത്രിയാവോളം സ്ഥിരമായി ഉറങ്ങാതിരിക്കുകയും വിനോദത്തിനുപയോഗിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. അവധി ദിനങ്ങൾ ഉറങ്ങിത്തീർക്കാനുള്ളതല്ല. കുടുംബ കാര്യങ്ങൾക്കും, സംഘടനാ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുക.
കുട്ടികൾക്ക് ഉറക്കത്തിന് ഒരു ചിട്ട ചെറുപ്പം തൊട്ടേ ശീലിപ്പിക്കുക. കുട്ടികളുറങ്ങുമ്പോൾ രക്ഷിതാക്കൾ ഉറക്കമൊഴിഞ്ഞിരിക്കുന്നത് ഒഴിവാക്കുക.
ഉറക്കമില്ലായ്മക്ക് ഒരു കാരണവശാലും ടാബ്ലറ്റുകൾ ഡോക്ടർമാരുടെ മാർഗനിർദേശമില്ലാതെ കഴിക്കരുത്. ഉറക്കത്തിനു മുമ്പ് മദ്യം, മയക്കുമരുന്ന്, പുകവലി, മുറുക്ക് എന്നിവ ഒരിക്കലുമരുത്. ഉറക്കപ്രശ്നം വല്ലാതെ അലട്ടുന്നുവെങ്കിൽ വിദഗ്ധരെ കാണുക.