''കുട്ടിന്റെ ദീനം കൂടുതലാണ്, എന്തെങ്കിലും ആയാ പള്ളീക്ക് കൊണ്ടോകാൻ നല്ലൊരു പായീം കൂടി ഈ പൊരന്റെ ഉള്ളിലില്ല...''
അബ്ദുസ്സമദിന്റെ ഉപ്പ മുഹമ്മദ് മൗലവിയോട് അവന്റെ അനിയന്റെ അസുഖത്തെ കുറിച്ചും അസുഖം മൂർഛിച്ചെന്തെങ്കിലും സംഭവിച്ചാലുള്ള അവസ്ഥയെ കുറിച്ചും ഉമ്മ ആമിനയുടെ ദൈന്യത മുറ്റിയ വേവലാതിയാണ്. വീട്ടിലെ മൂത്ത മകനായ പതിമൂന്നുകാരൻ സമദിന്റെ ചെവിയാഴങ്ങളിൽ അന്നു പതിഞ്ഞ ഓർമപ്പെടുത്തൽ പത്തമ്പത് വർഷങ്ങൾക്കിപ്പുറം ഇന്നുമുണ്ട്.
1970ൽ പത്താം ക്ലാസ് പാസായിട്ടും പ്രവാസത്തിലേക്ക് കപ്പൽ കയറാനുള്ള കാരണം ഉമ്മയുടെ ഈ കണ്ണീരാഴങ്ങളായിരുന്നെന്ന് നാൽപത് കൊല്ലത്തിന് ശേഷവും ഓർത്തെടുക്കുമ്പോൾ അബ്ദുസ്സമദ് കൊടിഞ്ഞിയുടെ ഇടറുന്ന ചങ്കും മുഖവും വിളിച്ചു പറയുന്നുണ്ട്.
അറബി അധ്യാപകനായിരുന്നു ഉപ്പ. തുച്ഛമായ ശമ്പളം കൊണ്ട് തട്ടിയും മുട്ടിയും പോലും ജീവിക്കാനാകാത്ത കാലം. മൂത്ത കുട്ടിയാണെന്ന ഉത്തരവാദിത്തം വേറെ. തുടർപഠനം സൗജന്യമല്ലാത്തത് കൊണ്ടും ഉപരിപഠനം വെറും സ്വപ്‌നം മാത്രമായി. അഫഌലുൽ ഉലമക്ക് പോയെങ്കിലും മുഴുവനാക്കാൻ സാഹചര്യങ്ങൾ സമ്മതിച്ചില്ല.
പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സമദിനെ ഉപ്പയുടെ സുഹൃത്ത് ബോംബെയിലേക്ക് നേവിയിൽ ജോലി കണ്ടെത്താൻ കൂടെ കൂട്ടുന്നത് 1972 ലാണ്. പ്രവാസത്തിന്റെ തുടക്കവും അന്നാണ്. ജോലി ശരിയാവാതെ ബോംബെ കണ്ട് നടക്കുന്ന ദിവസങ്ങളിലൊന്നിലാണ് ഉപ്പയുടെ സുഹൃത്തിന്റെ ഹോട്ടലിൽ ഒരു ദിവസത്തേക്കുള്ള താൽക്കാലിക ജോലിക്കാരനാവുന്നത്. എട്ടൊൻപത് മാസം നീളമുണ്ടായി ആ ദിവസത്തിന്. ശേഷം നാട്ടിലെത്തി ലീവ് വേക്കൻസിയിൽ അൽപകാലം അധ്യാപക വേഷത്തിൽ. 1977ൽ കടലക്കരെയുള്ള പ്രവാസത്തുടക്കം.
ബോംബെയിൽ നിന്ന് കപ്പൽ മാർഗം നാല് ദിവസത്തെ യാത്രയോടെ ദുബായിലേക്ക്. ജബൽ അലി പോർട്ടിന്റെ ബ്രിട്ടീഷ് അധീനതയിലുള്ള നിർമാണക്കമ്പനിയുടെ കാന്റീൻ ജീവനക്കാരനായി. മൂന്ന് വർഷത്തിന് ശേഷം 1980ൽ തിരിച്ച് ഇറാഖി എയർവേസിന്റെ വിമാനത്തിൽ നാടണഞ്ഞു.
വിവാഹത്തിന് ശേഷം അധിക കാലം കഴിഞ്ഞില്ല. വീണ്ടും പ്രവാസം. 1981 ഡിസംബർ 28ന് റിയാദിലേക്ക് പോവാനായി ബോംബെയിലേക്ക്.
ലഗേജ് അടക്കം പോയ ശേഷം എമിഗ്രേഷനിൽ ചില പ്രശ്‌നങ്ങൾ. 'ചവിട്ടിക്കയറ്റാനുള്ള' ശ്രമത്തിനിടെയുണ്ടായ റെയ്ഡിൽനിന്ന് സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെടൽ. പിന്നീട് ദഹ്‌റാനിലേക്കാണ് കേറിപ്പോകാനൊത്തത്.
റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാറ്ററിംഗ് കമ്പനിയായിരുന്നു ഇവിടെയും. സൗദിയുടെ വിവിധ പ്രവിശ്യകളിൽ ആർമി ക്യാമ്പുകളും എയർ ബേസുകളും പോലെയുള്ള സർക്കാർ കേന്ദ്രങ്ങളിലാണ് പ്രധാനമായും കാന്റീനുകൾ. ദഹ്‌റാൻ എയർ ബേസിലാണ് തുടക്കം. താരതമ്യേന ഉയർന്ന വിദ്യാഭ്യാസമുള്ളത് കൊണ്ടും ആത്മാർഥത കൊണ്ടും കമ്പനി ഉടമകളുടെയും മറ്റും ഇഷ്ടജോലിക്കാരനായി.
അൽപകാല ശേഷം അൽഹസയിലേക്ക് മാറി. നാട്ടിൽ നിന്ന് തന്നെയുള്ള ചന്ദ്രിക പത്രവായനയിലൂടെ 'പച്ചയുടെ' നിലപാടിനോടുള്ള ഇഷ്ടം കടൽ കടന്നപ്പോഴും നെഞ്ചകത്ത് കൂടെ പോന്നത് വെളിപ്പെട്ടു തുടങ്ങിയത് അൽഹസ കാലത്താണ്. സംഘടനാ രംഗത്തേക്ക് എത്തിപ്പെടുന്നത് ഏരിയ കമ്മിറ്റിയിലൂടെയാണ്. പിന്നീട് അൽഹസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റ് പദത്തിൽ. ഇടക്കാലത്ത് ഹായിലടക്കമുള്ള പ്രവിശ്യകളിലും ജോലി നോക്കി.
1993 ലാണ് കമ്പനിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയിലേക്കെത്തുന്നത്. പിന്നീടിക്കാലമത്രയും റിയാദായിരുന്നു കളരി. സംഘടനാ രംഗത്തും റിയാദിന്റെ പൊതു രംഗത്തും ഇഴചേർന്നൊഴുകിയ ഇരുപത്തഞ്ചോളം സംവത്സരങ്ങൾ.
സൗദി അറേബ്യയുടെ പത്തുനാൽപത് വർഷത്തെ വളർച്ചയും തുടർച്ചയും ഇടക്കുള്ള തളർച്ചയും ഉയിർത്തെഴുന്നേൽപ്പുമെല്ലാം നോക്കിക്കണ്ട പ്രവാസ ജീവിതത്തിന് കൂടിയാണ് ഖുറൂജ് അടിക്കുന്നത്. മണലാഴങ്ങളിൽ കോൺക്രീറ്റ് സൗധങ്ങൾക്ക് അടിത്തറ പാകിത്തുടങ്ങുന്നത് തൊട്ടുള്ള നാൽപതോളം വർഷങ്ങൾ. 1000 രൂപക്ക് 370നും 400നും ഇടയിലുള്ള റിയാൽ വേണമായിരുന്നു വന്ന കാലം തൊട്ട് കുറെ നാൾ. ക്രമേണ കുറഞ്ഞു കുറഞ്ഞ് അമ്പതും അമ്പത്തഞ്ചും ആയ കാലത്താണ് തിരികെ യാത്ര. പക്ഷേ അന്നത്തെ റിയാലിന്റെ ബർകത്തും ആശ്വാസവും ഇന്ന് കിട്ടുന്നില്ലെന്നതിന്റെ നേർസാക്ഷ്യമാണ് ഈ മനുഷ്യൻ.
സംഘടനാ നേതൃത്വത്തിൽ ഏറ്റവും ആത്മസംതൃപ്തി സമ്മാനിച്ച ചില നിമിഷങ്ങളെ താലോലിക്കുന്നുണ്ട് സമദ്ക്ക. അതിലാദ്യത്തേതും മൂല്യമേറിയതും ആനന്ദക്കണ്ണീരേകുന്നതും സാമ്പത്തിക പരാധീനത തടസം നിന്ന ജില്ലയിലെ പതിമൂന്ന് പെൺകുട്ടികളുടെ വിവാഹത്തിന് നൽകിയ സഹായമായിരുന്നു. ഒരാൾക്ക് പത്തു പവൻ സ്വർണം എന്ന തോതിൽ 130 പവനാണ് അന്ന് നൽകാനായത്. പെൺമക്കളില്ലാത്ത സമദ്ക്കയും സംഘവും വിവാഹ സ്വപ്‌നത്തിന് പത്ത് കുടുംബങ്ങളുടെ രക്ഷിതാക്കളായ ധന്യമുഹൂർത്തം. ആ മക്കളുടെ രക്ഷിതാക്കൾ ആനന്ദക്കണ്ണീരിന്റെ അകമ്പടിയോടെ സമ്മാനിച്ച സ്‌നേഹാദരങ്ങളോളം നിർവൃതി മറ്റൊന്നും നൽകിയിട്ടില്ലെന്ന് അഭിമാനിക്കുമ്പോൾ പ്രവാസത്തിലെ സംഘടനാ പ്രവർത്തനത്തിന്റെ നിറഞ്ഞ ചാരിതാർഥ്യം പ്രകടമാണാ മുഖത്ത്.
ഒരു നാടിന് കാരുണ്യം കൊണ്ട് തണൽ വിരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമപ്പുരകളിൽ 34 വീടുകൾ നൽകാനായതാണ്. വിഷമ ഘട്ടങ്ങൾ ഓർമയിൽ ഇല്ലെന്ന പുഞ്ചിരി. വേണ്ടപ്പെട്ടവരുടെ മരണങ്ങൾ, സഹോദരങ്ങളുടെ വിവാഹം പോലെയുള്ള സന്ദർഭങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന സാധാരണ പ്രവാസ നൊമ്പരങ്ങൾ മാത്രമെന്ന് വിശദീകരണം.
സാധാരണ തൊഴിലുകളുമായി ജീവിതം കരുപ്പിടിപ്പിച്ചിരുന്ന മലയാളികൾ കച്ചവട രംഗത്തേക്കും അതുവഴി അഭിവൃദ്ധിയിലേക്കും എത്തിപ്പെടുന്നത് നോക്കിക്കണ്ട അനുഭവ സാക്ഷ്യം പറയുന്നുണ്ട് സമദ്ക്ക. സൗദിയിൽ വ്യാപാര വാണിജ്യ മേഖലകളിൽ സ്വദേശികളേക്കാൾ ഒരുപടി മുന്നിൽ നിന്നിരുന്നവരായിരുന്നു യെമനികൾ. ഗൾഫ് യുദ്ധ കാലത്ത് കുവൈത്തിന്റെ ഓരം പറ്റിയ യെമൻ നിലപാട് അവരുടെ സൗദി ബന്ധം വഷളാക്കുന്നു. സ്വദേശത്തോട് സ്‌നേഹവും കൂറുമുള്ളവർ യെമനിലേക്ക് തിരിച്ചുവരണമെന്ന യെമൻ പ്രസിഡന്റിന്റെ ആഹ്വാനമെത്തുന്നത് അതേത്തുടർന്നാണ്. വ്യാപാര വാണിജ്യങ്ങളെല്ലാം കിട്ടിയ വിലയ്ക്ക് ഒഴിവാക്കി ഭൂരിപക്ഷം യെമനികളും തിരിച്ചു പോയി. അവിടം തൊട്ടാണ് മലയാളി സമൂഹം വ്യാപാര വാണിജ്യ മേഖലകളിലേക്ക് എത്തിപ്പെടുന്നതെന്ന് സമദ്ക്കയുടെ നേർക്കാഴ്ച. യുദ്ധക്കെടുതിയനുഭവിക്കുന്ന മേഖലകളിലേക്കും അവശ്യ സാധനങ്ങളുടെ വ്യാപാരത്തിന് മലയാളി സമൂഹത്തിന് വഴികൾ തുറന്നുകിട്ടി. അങ്ങനെയാണ് കേരളത്തിന്റെ സർവോന്മുഖമായ വികസന കുതിപ്പിന് അറിഞ്ഞോ അറിയാതെയോ പ്രവാസികൾ ഇപ്പറഞ്ഞ തൊണ്ണൂറുകളിൽ നെടുംതൂണായതും.
റിയാദിന്റെ അറ്റത്ത് നിന്നും ബത്ഹയിലേക്ക് മിക്ക ദിവസവും സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടെത്തുന്ന അബ്ദുസ്സമദ് കൊടിഞ്ഞിക്ക് കെ.എം.സി.സി ഓഫീസും റമാദിന്റെ തിണ്ണമൂലകളും യാത്രാമൊഴിയുമായി നിൽപ്പാണ്. സൗദിയുടെ മറ്റുപ്രവിശ്യകളിൽ നിന്നും വ്യത്യസ്തമായി റിയാദിൽ വിവിധ കേരളീയ സംഘടനകൾക്ക് നോൺ റസിഡന്റ് കേരളൈറ്റ് (എൻ.ആർ.കെ) റിയാദ് ഫോറം പോലെ സജീവമായ പൊതുവേദികളുണ്ട്. കേരളം നേരിട്ട പ്രകൃതി ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫോറത്തിന്റെ നേതൃത്വത്തിൽ അരക്കോടിയിലധികം രൂപ സമാഹരിച്ചപ്പോൾ എൻ.ആർ.കെയുടെ നിലവിലെ ട്രഷറർ കൂടിയായ സമദ് സാഹിബ് അതിന്റെയും ചാലകശക്തിയായി മാറി.
രണ്ടു മക്കളിൽ മൂത്തയാൾ ഖത്തറിൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്നു. രണ്ടാമൻ കാക്കനാട് ഇൻഫോ പാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുന്നു.
മണലാഴങ്ങളിൽ പെയ്‌തൊഴിഞ്ഞ നാൽപത് സംവത്സരങ്ങൾ സമ്മാനിച്ചത് കാറ്റും കോളുമല്ല കനിയും തണിയുമാണെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ദൈവസ്തുതിയുടെ മണമുണ്ടതിന്, പൊതുപ്രവർത്തന രംഗത്തെ ആത്മസമർപ്പണത്തിന്റെ കരുത്തും.
നീളം കൂടിയ പ്രവാസത്തിന്റെ കൂട്ടിരിപ്പുകാരായ ഇംഗ്ലീഷ് വൈദ്യന്റെ നാലായി മടക്കിയ കുറെ കുറിമാനങ്ങളോടോ സന്തത സഹചാരികളാകുന്ന ഗുളികപ്പൊതികളോടോ അശേഷം ചങ്ങാത്തമില്ലെന്ന നിറപുഞ്ചിരി വ്യക്തിജീവിതത്തിലെ ഇഷ്ടനിഷ്ഠകളിലെ സൂക്ഷ്മത കൂടി പറഞ്ഞുവെക്കുന്നു.
ദൈനംദിന സാമൂഹിക രാഷ്ട്രീയ വികാസങ്ങളെ കൃത്യമായി മനസ്സിലാക്കാനും അവതരിപ്പിക്കാനും പണ്ടേ കൂടെക്കൂട്ടിയ വായന മാത്രമല്ല സഹായം. സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും അവയുടെ പ്രാരംഭകാലം തൊട്ടേ കൈപ്പിടിയിലാണ്. 41 വർഷത്തെ പ്രവാസം ഊതിമിനുക്കിയ അനുഭവസമ്പത്തുമായാണ് സമദ് കൊടിഞ്ഞി നാടണയുന്നത്.