ബിറ്റ്‌കോയിൻ പ്രചാരം മുതലെടുക്കുന്നതിന് കൂടുതൽ കമ്പനികൾ രംഗത്ത്. വാൾമാർട്ടാണ് ഏറ്റവും ഒടുവിൽ ഒരു ഡോളറിന് ബിറ്റ്‌കോയിൻ വിപണിയിലിറക്കിയിരിക്കുന്നത്.
മൂല്യം കുതിച്ചുയർന്ന് ഞെട്ടിച്ചതാണ് യഥാർഥ ബിറ്റ് കോയിനെങ്കിൽ വാൾമാർട്ട് പുറത്തിറക്കിയ ബിറ്റ് കോയിൻ ചോക്ലേറ്റ് നിർമിതമാണെന്നു മാത്രം. മിൽക്ക് ചോക്ലേറ്റ് സ്വർണനിറത്തിലുള്ള ഫോയിൽ കൊണ്ടു പൊതിഞ്ഞാണ് ഫ്രാങ്ക്‌ഫോർഡ് ബിറ്റ്‌കോയിൻ എന്ന പേരിൽ ഒരു ഡോളറിനു വിൽക്കുന്നത്.കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുകയും ഇന്റർനെറ്റ് വഴി കൈമാറ്റം നടത്തുകയും ചെയ്യുന്ന ഡിജിറ്റൽ കറൻസിയാണ് ബിറ്റ് കോയിൻ. ഡിസംബറിൽ കൂപ്പുകുത്തുന്നതിന് തൊട്ടുമുമ്പ് ബിറ്റ് കോയിന്റെ വില 20,000 ഡോളറിലെത്തിയിരുന്നു. ഇപ്പോൾ 6240 ഡോളറാണ് ബിറ്റ്‌കോയിൻ വില.
ഒരു കാൻഡി കമ്പനി ആദ്യമായാണ് ബിറ്റ് കോയിൻ പ്രചാരം മുതലെടുത്ത് വിപണി ശ്രദ്ധ നേടുന്നത്. നേരത്തെ ബീവറേജ് കമ്പനിയും സെക്‌സ് ടോയ് കമ്പനിയും ബിറ്റ്‌കോയിൻ ചേർത്തുകൊണ്ടുള്ള ബ്രാൻഡുകൾ പുറത്തിറക്കിയിരുന്നു. ബിറ്റ് കാസ്റ്റ്, ബ്ലോക്ക് ചെയിൻ കോർപറേഷൻ തുടങ്ങിയവ ഉദാഹരണം.
1947 മുതൽ വിപണയിലുള്ള കമ്പനിയാണ് ഫ്രാങ്ക്‌ഫോർഡ് കമ്പനി. വാൾമാർട്ട് വഴി ഫ്രാങ്ക്‌ഫോർഡ് ബിറ്റ്‌കോയിൻ നന്നായി വിറ്റുപോകുന്നുണ്ട്.