ന്യൂദല്‍ഹി-ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന വാദത്തിന് തെളിവുമായി വിദഗ്ധര്‍. ഒറ്റത്തവണ 2,500 രൂപ മുടക്കി വാങ്ങുന്ന സോഫ്റ്റ്‌വെയര്‍ പാച്ചി ലൂടെ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റാണ് വ്യക്തമാക്കിയത്. ആധാര്‍ സോഫ്റ്റ്‌വെയര്‍ സുരക്ഷിതമല്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സോഫ്്റ്റ്‌വെയര്‍ പാച്ച് വാങ്ങിയ ഹഫിംഗ്സ്റ്റണ്‍ പോസ്റ്റ് വിദഗ്ധര്‍ക്ക് നല്‍കുകയും ആധാര്‍ സോഫ്റ്റ്‌വെയറിന്റെ കോഡ് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്.
ആധാര്‍ ഡാറ്റാബേസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ക്കാന്‍ കെല്‍പുള്ള സോഫ്റ്റ്‌വെയര്‍ പാച്ചാണ് ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നതെന്നുമാണ് ഇതോടെ വ്യക്തമാകുന്നത്. ആധാര്‍ നമ്പര്‍ കിട്ടിയാല്‍ പോലും ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഐഎ) വാദമാണ് ഇതോടെ പൊളിയുന്നത്. ഹഫിംഗ്സ്റ്റണ്‍ പോസ്റ്റ് ഇന്ത്യ നടത്തിയ മൂന്ന് മാസത്തെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബേസിക് കോഡിംഗിനെ കുറിച്ച് വിവരമുള്ള ആര്‍ക്കും ഡാറ്റാബേസില്‍ നുഴഞ്ഞുകയറി പുതിയ നമ്പറുണ്ടാക്കാനാകുമെന്നാണ് ഇവരുടെ അന്വേഷണത്തില്‍ വ്യക്തമായത്.
യുഐഡിഐഎ ഔദ്യോഗികമായി വികസിപ്പിക്കാത്ത ഒരു സോഫ്റ്റ്‌വെയര്‍ പാച്ചിലൂടെയാണ ഔദ്യോഗിക ആധാര്‍ എന്റോള്‍മെന്റ് സോഫ്റ്റ്‌വെയറിലെ സുരക്ഷാ ഫീച്ചറുകളെ ഹാക്ക് ചെയ്യാന്‍ വഴിയൊരുക്കുന്നത്. 2500 രൂപക്ക് ഈ പാച്ച് ഓണ്‍ലൈനില്‍ വാങ്ങാനാകും. ഇത് ഇപ്പോള്‍ തന്നെ പല എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാരും ഉപയോഗിച്ച് കഴിഞ്ഞുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
യൂട്യൂബില്‍ ഉള്‍പ്പെടെ ആധാര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാം എന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ടൂട്ടോറിയല്‍ വീഡിയോകളുണ്ട്. എന്നാല്‍, യുഐഡിഐഎ അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നത് ആധാര്‍ വിവരങ്ങള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ്. ഡാറ്റാബേസില്‍ കയറിയാല്‍ ഇതിന് ഓപ്പറേറ്ററുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന ജി.പി.എസ് സംവിധാനമുണ്ട്. പാച്ച് ഉപയോഗിച്ച് നുഴഞ്ഞുകയറുന്നവര്‍ ഈ സംവിധാനമാണ് ആദ്യം ഇല്ലാതാക്കുന്നത്. പിന്നീട് ലോകത്തെവിടെനിന്നും നീക്കം സാധ്യമാകും. ആധാര്‍ നമ്പറുകള്‍ എവിടെനിന്നും പടച്ചുവിടാനാകും. അംഗീകൃത ഓപ്പറേറ്ററുടെ ഫോട്ടോഗ്രാഫ് ഉപയോഗിച്ചും ആധികാരികത ഉറപ്പാക്കാന്‍ ഇതുവഴി സാധ്യമാകും.