ന്യുദല്‍ഹി- പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് തട്ടിപ്പു നടത്തുന്ന ഉന്നതരായ ബാങ്ക് തട്ടിപ്പുകാരെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നറിയിപ്പും ഇവരുടെ പേരടങ്ങിയ പട്ടികയും നല്‍കിയിരുന്നെന്നും എന്നാല്‍ കാര്യമായ നടപടി ഒന്നും ഉണ്ടായില്ലെന്നും വ്യക്തമാക്കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ റിപോര്‍ട്ട്. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റ് സമിതിക്കു രാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബാങ്കുകളുടെ അമിത ആത്മവിശ്വാസവും സര്‍ക്കാരിന്റെ വിമുഖതയും വളര്‍ച്ചാ കുറവുമാണ് കിട്ടാക്കടങ്ങള്‍ കുന്നുകൂടാന്‍ കാരണമായതെന്നും റിപോര്‍ട്ടില്‍ രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തിയുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെങ്കിലും പൊതുമേഖലാ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ഞാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ ബാങ്ക് തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിന് ഒരു നിരീക്ഷണ സെല്‍ രൂപീകരിച്ചിരുന്നു. തട്ടിപ്പുകള്‍ നേരത്തെ കണ്ടെത്താനും വേഗത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാനുമായിരുന്നു ഇത്. ഉന്നതരായ ബാങ്ക് തട്ടിപ്പുകാരുടെ ഒരു പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഒന്നോ രണ്ടോ ഉന്നത തട്ടിപ്പുകാരെ പിടികൂടാന്‍ സഹായിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായോ എന്നറിയില്ല. ഇത് അടിയന്തിരമായി പരിഗണിക്കേണ്ട വിഷയമാണ്,' റിപോര്‍ട്ടില്‍ രാജന്‍ പറയുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ തട്ടിപ്പു നിരീക്ഷണ സംവിധാനം വെറുതായായെന്നും ഒരു ഉന്നത തട്ടിപ്പുകാരനെ പോലും വലയില്‍വീഴ്ത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി തട്ടിപ്പ് നിരുത്സാഹപ്പെടുത്തപ്പെട്ടതുമില്ല.
രഘുറാം രാജന്റെ റിപോര്‍ട്ട് പുറത്ത് വന്ന അവസരം മുതലെടുത്ത് കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന് തട്ടിപ്പുകാരെ കുറിച്ച് വിവരം ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു. കോണ്‍ഗ്രസ് അധികാരമൊഴിയുമ്പോള്‍ നിഷ്‌ക്രിയ ആസ്തി 2.83 ലക്ഷം കോടിയായിരുന്നു. ഇന്ന് കിട്ടാക്കടമായി കെട്ടിക്കിടക്കുന്നത് 12 ലക്ഷം കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.