'സുപ്രീം കോടതി നമ്മുടേതാണ്, രാമക്ഷേത്രം പണിതിരിക്കും'; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

ലഖ്‌നൗ- ബി.ജെ.പിയുടെ തിരഞ്ഞെടുപ്പുകാല തുറുപ്പു ചീട്ടായ രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് ഉത്തര്‍ പ്രദേശിലെ യോദി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രി നടത്തിയ പ്രസ്താവന വിവാദമായി. സുപ്രീം കോടതി നമ്മുടേതാണെന്നും രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുമെന്നുമാണ്  യുപി സഹകരണ വകുപ്പു മന്ത്രിയായ മുകുത് ബിഹാരി വര്‍മ പറഞ്ഞത്. ബഹ്‌റായിച് ജില്ലയില്‍ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി വിവാദ പരമാര്‍ശങ്ങള്‍ നടത്തിയത്. 'അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് നമ്മുടെ നിശ്ചയമാണ്. സുപ്രീം കോടതി നമ്മുടേതാണ്. കോടതിയും രാജ്യവും ക്ഷേത്രം നമ്മുടേതാണ്,' മന്ത്രി വര്‍മ പറഞ്ഞു. ബി.ജെ.പി വികസനം പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും രാമ ക്ഷേത്രം നിര്‍മ്മിച്ചിരിക്കും. കാരണം ഇതു പാര്‍ട്ടിയുടെ നിശ്ചയമാണ്, അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഭരണഘടനാ പദവി വഹിക്കുന്ന മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ പ്രസ്താവന ഉണ്ടാകുന്നത്. ഇതു വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തു വരികയും ചെയ്തു. സുപ്രീം കോടതി നമ്മുടേതാണെന്ന് പറഞ്ഞത് നാമെല്ലാവരും ഈ രാജ്യക്കാരായതു കൊണ്ടും സുപ്രീം കോടതിയില്‍ വിശ്വാസമുള്ളവരായത് കൊണ്ടുമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോടതി ഞങ്ങളുടെ സര്‍ക്കാരിന്റേതാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് പാര്‍ലമെന്റില്‍ നിയമം കൊണ്ടു വരാന്‍ കഴിയുമെന്ന് കഴിഞ്ഞ മാസം യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞതും വിവാദമായിരുന്നു. എല്ലാ വഴികളും അടഞ്ഞാല്‍ രാജ്യസഭയില്‍ കൂടി മതിയായ ഭുരിപക്ഷം ലഭിക്കുന്ന പക്ഷം സര്‍ക്കാരിനു ഈ വഴി നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.
 

Latest News