Sorry, you need to enable JavaScript to visit this website.

സൊണാലിയുടെ ഭര്‍ത്താവ് പങ്കുവെക്കുന്ന ഈ വേദന എല്ലാവര്‍ക്കും ബാധകമാണ്

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സമൂഹ മാധ്യമങ്ങള്‍ ഉത്തരവാദിത്തോടെ ഉപയോഗിക്കണമെന്നുമുള്ള അഭ്യര്‍ഥനയുമായി ബോളിവുഡ് നടി സൊണാലി ബെന്ദ്രെയുടെ ഭര്‍ത്താവും സംവിധായകനുമായ ഗോള്‍ഡി ബേല്‍ ഇന്‍സ്റ്റാഗ്രാമില്‍.
മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ രാം കദം മരിക്കാത്ത സൊണാലിക്ക് അനുശോചനം അര്‍പ്പിച്ചതിനു പിന്നാലെയാണ് ഗോള്‍ഡിയുടെ അഭ്യര്‍ഥന. അബദ്ധം മനസ്സിലാക്കി രാം കദം ക്ഷമ ചോദിച്ചിട്ടുണ്ട്.
ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. സോഷ്യല്‍ മീഡിയ കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. അഭ്യൂഹങ്ങളില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. അതില്‍ ഉള്‍പ്പെടുന്നവരെ നാം അനാവശ്യമായി മുറിവേല്‍പിക്കുകയാണ്- ഇതാണ് ഗോള്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയ പോസ്റ്റ്.
മറ്റു പല സെലിബ്രിറ്റികളേയും പോലെ സൊണാലിയും മരിക്കാതെ മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ക്യാന്‍സര്‍  സ്ഥിരീകരിച്ച അവര്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.
സൊണാലിക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ട് നല്‍കിയ ട്വീറ്റ് പിന്‍വലിച്ച ശേഷമാണ് കഴിഞ്ഞ ദിവസം രാം കദം ക്ഷാമപണം നടത്തിയത്. സൊണാലിയെ കുറിച്ച് രണ്ട് ദിവസമായി പ്രചരിക്കുന്നത് അഭ്യൂഹം മാതമാണ്. അവരുടെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു- ഇതാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള രാം കദത്തിന്റെ ട്വീറ്റ്. സൊണാലി മരിച്ചതായുള്ള ഇദ്ദേഹത്തിന്റെ ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
കുടുംബത്തിന്റെ സമ്മതത്തോടെ കാമുകിമാരെ തട്ടിക്കൊണ്ടുവരുന്നവരെ വിവാഹത്തിനു സമ്മതിക്കുമെന്ന പ്രസ്താവനക്കു പിന്നാലെ ആയിരുന്നു സൊണാലിയുടെ കാര്യത്തില്‍ രാം കദത്തിനു സംഭവിച്ച അബദ്ധം.


തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചുകൊണ്ട്   സൊണാലി ബെന്ദ്രെ തന്നെയാണ് നേരത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ രോഗവിവരങ്ങള്‍ പങ്കുവെച്ചത്.
ചില സമയങ്ങളില്‍ ജീവിതത്തില്‍ അവിചാരിതമായ കാര്യങ്ങള്‍ സംഭവിക്കും. ഈയിടെ എനിക്ക് അര്‍ബുദമാണെന്ന കണ്ടെത്തി. മൂര്‍ദ്ധന്യാവസ്ഥയിലുള്ള ഈ രോഗം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് അറിഞ്ഞത്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദി.
രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എനിക്ക് കഴിയും'- സൊണാലി ദീര്‍ഘമായ കുറിപ്പില്‍ പറഞ്ഞു.
1994 ല്‍ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഗോവിന്ദയും ശില്‍പാ ഷെട്ടിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മണിരത്നം സംവിധാനം ചെയ്ത ബോംബെയില്‍ ഒരു നൃത്തരംഗത്തില്‍ അതിഥിയായെത്തി തമിഴ് സിനിമയിലും സൊണാലി സാന്നിധ്യമായി. കാതലാര്‍ ദിനത്തിലെ റോജ എന്ന കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. വിവിധഭാഷകളിലായി എഴുപതോളം സിനിമകളില്‍ സൊണാലി വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ ഷോകളിലും സൊണാലി സജീവമായിരുന്നു.
 
 

Latest News