ഇംറാന്‍ ഖാന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍നിന്ന് രണ്ട് ഇക്കണോമിസ്റ്റുകള്‍ കൂടി രാജിവെച്ചു
ഇസ്ലാമാബാദ്- ഖാദിയാനി വിവാദത്തെ തുടര്‍ന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ആതിഫ് ആര്. മിയാനെ ഒഴിവാക്കിയതിനു പിന്നാലെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് നേതൃത്വം നല്കുന്ന സാമ്പത്തിക ഉപദേശക സമിതിയില്‍നിന്ന് രണ്ട് സാമ്പത്തിക വിദഗ്ധര്‍ രാജിവെച്ചു. അസിം ഇജാസ് ഖ്വാജ, ഇംറാന്‍ റസൂല്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ലോകത്തെ മികച്ച 25 ഇക്കണോമിസ്റ്റുകളില്‍ ഉള്‍പ്പെടുന്ന് ആതിഫ് മിയാനെ ഒഴിവാക്കയതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തനിക്ക് ന്യായീകരിക്കാനാവില്ലെന്ന് അസിം ഖ്വാജ പറഞ്ഞു. മതബന്ധങ്ങളുടെ പേരില്‍ തീരുമാനങ്ങളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഇംറാന്‍ റസൂല്‍ രാജിവെച്ചത്. ഇരുവരും ട്വിറ്ററിലാണ് രാജിക്കാര്യം അറിയിച്ചത്.
വിവിധ കോണുകളില്‍നിന്നുള്ള സമ്മര്‍ദത്തിനു പിന്നാലെ പ്രിന്‍സ്ടൗണ്‍ യൂനിവേഴ്സിറ്റി സാമ്പത്തിക വിദഗ്ധനായ ആതിഫ് മിയാനോട് പാക്കിസ്ഥാന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) സര്‍ക്കാര്‍ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. പി.ടി.ഐ സെനറ്റര്‍ ഫൈസല്‍ ജാവേദ് ഖാനാണ് ഇക്കാര്യം അറിയിച്ചത്.
അഹ്മദിയായ ഡോ. മിയാന്റെ നിയമനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു. മിയാന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി ഫൈസല്‍ ജാവേദ് ഖാന് ട്വീറ്റ് ചെയ്തു. പുതിയ നിയമനം ഉടന്‍ ഉണ്ടാകും.
വിഭാഗീയത ഒഴിവാക്കാനാണ് ഡോ.മിയാനെ സാമ്പത്തിക ഉപദേശക സമിതിയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി സ്ഥിരീകരിച്ചു. പ്രവാചകത്വ പരിസമാപ്തി വിശ്വാസത്തിന്റെ ഭാഗമാണെന്ന് ചൗധരി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
നിരാശപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും പാക്കിസ്ഥാന് സ്ഥപാകന് ഖാഇദെ അഅ്സം അഹ്മദിയെ വിദേശ മന്ത്രിയായി നിയമിച്ചിട്ടുണ്ടെന്നും ഇംറാന്‍ ഖാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ് സ്മിത്ത് ട്വീറ്റ് ചെയ്തു.