ന്യൂദല്‍ഹി- തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക പരിഷ്ക്കരണത്തിലും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനു സംഭവിച്ച പിഴവുകള്‍ അക്കമിട്ടു നിരത്തി രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. 'വാഗ്ദാനം ചെയ്യപ്പെട്ട രണ്ടു കോടി തൊഴിലവസരങ്ങള്‍ക്കായി നമ്മുടെ യുവാക്കള്‍ കാത്തുക്കെട്ടിക്കിടക്കുകയാണ്. തൊഴില്‍ വളര്‍ച്ച കഴിഞ്ഞ നാലു വര്‍ഷമായി താഴോട്ടാണ്. ഇതുവരെ സൃഷ്ടിക്കപ്പെട്ടുവെന്ന പറഞ്ഞ് മോഡി സര്‍ക്കാര്‍ പുറത്തുവിട്ട തൊഴില്‍ കണക്കുകള്‍ വിശ്വസനീയമല്ല,' മന്മോഹന് സിങ് പറഞ്ഞു. തിരക്കിട്ടു ജിഎസ്ടി നടപ്പാക്കിയത് വ്യവസായങ്ങളേയും സംരംഭങ്ങളേയും പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡപ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ അര്‍ത്ഥവത്തായ മുന്നേറ്റം ഉണ്ടാക്കിയിട്ടില്ല. വ്യവസായ സൗഹൃദ പദ്ധതികളില്‍ നിന്ന് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കൊന്നും ഇതുവരെ മെച്ചം ലഭിച്ചിട്ടില്ല. തിരക്കിട്ടു നടപ്പിലാക്കിയ നോട്ടു നിരോധനവും ജിഎസ്ടിയുമാണ് സംരംഭങ്ങളെ ബാധിച്ചത്- അദ്ദേഹം പറഞ്ഞു.
2014നേക്കാള്‍ നാമിപ്പോള്‍ കൂടുതല്‍ അരക്ഷിതരായരിക്കുകയാണ്. അയല്‍ക്കാരുമായുള്ള നമ്മുടെ ബന്ധം നാലു വര്‍ഷത്തിനിടെ കൂടുതല്‍ വഷളായിരിക്കുന്നു. ദേശീയ പരിവര്‍ത്തനത്തിന് ശാസ്ത്ര സാങ്കേതി വിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്കാദമിക് സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടു. നമ്മുടെ യൂണിവേഴ്സിറ്റികളിലെ അന്തരീക്ഷം കലുഷിതമാക്കി. ഇതെല്ലാം മോഡി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രകടനത്തിന്റെ ബാക്കിപത്രമാണെന്നും ഈ പ്രശ്നങ്ങള്‍ സംബന്ധിച്ച് ദേശീയ തലത്തില്‍ സാര്‍ത്ഥകമായ ചര്‍ച്ചകള്‍ നടക്കേകണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.