ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും പ്രമുഖ വ്യവസായിയുമായ നവീന്‍ ജിന്‍ഡല്‍ ബി.ജെ.പിയില്‍ ചേക്കേറി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം അദ്ദേഹം രാജിവെച്ചാണ് ബിജെപി പ്രവേശം. ബി.ജെ.പിയുടെ ദല്‍ഹി ആസ്ഥാനത്തെത്തിയാണ് നവീന്‍ ജിന്‍ഡല്‍ അംഗത്വം എടുത്തത്.
കുരുക്ഷേത്രയില്‍ നിന്നു രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
'ഞാന്‍ 10 വര്‍ഷം കുരുക്ഷേത്രയില്‍ നിന്നുള്ള എംപിയായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും നന്ദി പറയുന്നു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്- ബിജെപിയില്‍ ചേരുന്നതിനു മുമ്പ് നവീന്‍ ജിന്‍ഡല്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ബി.ജെ.പിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സേവിക്കാന്‍ തനിക്കു സാധിക്കുമെന്നും നവിന്‍ ജിന്‍ഡല്‍ പറഞ്ഞു. മോഡിയുടെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് സംഭാവന ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.