ന്യൂഡൽഹി - വിവാദ മദ്യനയത്തിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ജയിലിൽനിന്നും അയച്ച കത്ത് പുറത്ത്. ഭാര്യ സുനിതയ്ക്ക് അയച്ച കത്ത് വീഡിയോ സന്ദേശത്തിലൂടെയാണ് അവർ പുറത്തുവിട്ടത്.
രാജ്യത്തിനായുള്ള തന്റെ കഷ്ടപ്പാടിന്റെ ഭാഗമാണ് ജയിൽവാസമെന്നും തന്നെ ജയിലിലാക്കിയ ബി.ജെ.പിക്കാരോട് ആം ആദ്മി പ്രവർത്തകർ പൊറുക്കണമെന്നും അവരെ വെറുക്കരുതെന്നും കത്തിലുണ്ട്. അറസ്റ്റ് പ്രതീക്ഷിച്ചതാണ്. അതിൽ അത്ഭുതമില്ല. താൻ ജയിലിലാണെന്ന് കരുതി പൊതുപ്രവർത്തനത്തിൽ കുറവു വരുത്തരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ജയിലിലായാലും രാജ്യസേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ മകനും സഹോദരനുമായ അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് ഒരു സന്ദേശം അയച്ചുവെന്ന ആമുഖത്തോടെയാണ് ഭാര്യ സുനിത കത്തുവായിച്ചത്. അമ്മമാരും സഹോദരിമാരും ക്ഷേത്രങ്ങളിൽ പോയി തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയോടെയാണ് കത്ത് അവസാനിപ്പിച്ചത്.
കത്തിലെ ഉള്ളടക്കം ഇങ്ങനെ:
പ്രിയപ്പെട്ട നാട്ടുകാരെ, താൻ ജയിലാണെങ്കിലും പുറത്താണെങ്കിലും രാജ്യ സേവനം തുടരും. എന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിച്ചതാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത് തുടരും. അറസ്റ്റ് എന്നെ ബാധിക്കില്ല. ഇന്ത്യയിൽ ജനിച്ചത് എന്റെ ഭാഗ്യമാണ്. ഞാൻ ജയിലിലായാലും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടരുതെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു.
ബി.ജെ.പിക്കാർ നമ്മുടെ സഹോദരന്മാരാണ്. രാജ്യത്തെ തളർത്തുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം. അവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം. കെജ്‌രിവാൾ ജയിലായതിനാൽ ഡൽഹിയിലെ സ്ത്രീകൾക്ക് കൊടുക്കുമെന്നു പറഞ്ഞ 1,000 രൂപ ലഭിക്കുമോയെന്ന് അവർക്ക് സംശയമുണ്ടാകും. നിങ്ങൾ സഹോദരനെയും മകനെയും വിശ്വസിക്കൂ. കെജ്‌രിവാൾ ഇന്നുവരെ വാക്കു പാലിക്കാതിരുന്നിട്ടില്ല. ദീർഘകാലം തന്നെ ജയിലിലിടാൻ കഴിയില്ല. ഉടൻ പുറത്തിറങ്ങി വാക്കുപാലിക്കും. അനേകം പേരുടെ അനുഗ്രഹം എനിക്കൊപ്പമുണ്ട്. അമ്മമാരും സഹോദരിമാരും ക്ഷേത്രങ്ങളിൽ പോയി തനിക്കു വേണ്ടി പ്രാർത്ഥിക്കണം.