ന്യൂദൽഹി- കശ്മീരിലെ കതുവയിൽ പിഞ്ചുബാലികയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച എം.എസ്.എഫ് നേതാക്കൾക്ക് ജയില്‍ മോചനം.മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്റെ മധ്യപ്രദേശ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുദസിർ അഹമ്മദ് അടക്കമുള്ള നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. ജമ്മു കശ്മീരിലെ കതുവ കൂട്ടബലാത്സംഗ കേസിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു മുദസിർ അഹമ്മദിനെയും അൻപതോളം എം.എസ്.എഫ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തത്. എൻ.എസ്.എ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഏപ്രിൽ 24-നായിരുന്നു ഇവരെ എൻ.എസ്.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. ബുർഹാൻപൂർ ജയിലിൽനിന്ന് ഇന്നലെ വൈകിട്ടാണ് ഇവരെ മോചിപ്പിച്ചത്.