ചെന്നൈ-സ്ത്രീകള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് നടി ഉര്‍വശി. തമിഴ് ചാനലിലെ അഭിമുഖത്തിലാണ് ഉര്‍വശി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. 'തമിഴ്നാട്ടില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ബസില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സൗജന്യമായി യാത്ര ചെയ്യുകയല്ലേയെന്ന് പറഞ്ഞ് പലരും സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നില്ല', ഇതിനെ കുറിച്ചുള്ള അഭിപ്രായമാണ് അവതാരക ചോദിച്ചത്.
സ്ത്രീ- പുരുഷ സമത്വത്തിന്റെ മറ്റൊരു വശത്തെ കുറിച്ചാണ് ഉര്‍വശി സംസാരിച്ചത്. 'എയര്‍പോര്‍ട്ടില്‍ നിന്നും റണ്‍വേയിലേക്ക് പോകാന്‍ ഒരു ബസ് അയക്കും. എയര്‍പോര്‍ട്ടില്‍ നിന്നും റണ്‍വേയില്‍ എത്താന്‍ കുറച്ച് ദൂരമുണ്ട്. അത്രയും നേരം ബസില്‍ മുതിര്‍ന്നവര്‍ നിന്നാലും സ്ത്രീകള്‍ എഴുന്നേറ്റ് കൊടുക്കില്ല. പുരുഷന്‍മാരാണ് എഴുന്നേറ്റ് സീറ്റ് നല്‍കുക. ഞാനിത് ഒരുപാട് കണ്ടിട്ടുണ്ട്. ആരും ഒന്നും വിചാരിക്കരുത്. സത്യമായ കാര്യമാണ് പറയുന്നത്. ഫോണ്‍ വിളിച്ച് കൊണ്ട് റോഡിലൂടെ അലക്ഷ്യമായി നടക്കുന്നവരില്‍ തൊണ്ണൂറ് ശതമാനവും പെണ്‍കുട്ടികളാണ്. പിറകില്‍ ആര് വരുന്നുണ്ട്, വണ്ടി പോകുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കില്ല.''
'നമുക്ക് തന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്. സ്ത്രീകളെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ വാങ്ങും. ക്യൂവില്‍ നില്‍ക്കുമ്പോള്‍ അവളെ മുന്നില്‍ നിര്‍ത്ത് എന്ന് പുരുഷന്‍മാര്‍ പറഞ്ഞാല്‍ ഓക്കെ. എന്നാല്‍ ഈ സ്ത്രീ മറ്റൊരു സ്ത്രീക്ക് സ്ഥാനം കൊടുക്കുമോ എന്ന് ചോദിച്ചാല്‍ കൊടുക്കില്ല.'
'ഞാനും ഇവിടെ തന്നെയാണ് നില്‍ക്കുന്നത്, പിന്നിലോട്ട് പോകൂയെന്ന് പറയും. ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് ഈ പറയുന്നത്' എന്നാണ് ഉര്‍വശി പറയുന്നത്.'ജെ ബേബി' ആണ് ഉര്‍വശിയുടെ പുതിയ തമിഴ് ചിത്രം. ഉര്‍വശി പ്രധാന വേഷം അവതരിപ്പിക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.