കോഴിക്കോട്-ഈ മാസം എട്ടിന് റിലീസ് ചെയ്ത ആനന്ദപുരം ഡയറീസിന് മികച്ച പ്രേക്ഷക പ്രതികരണം.
സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന പൂക്കോട്ട് വെറ്റിനറി കോളേജിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
റാഗിംഗ്, മയക്കുമരുന്ന് ഉപയോഗം, കോളേജുകളില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍, രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മ, അധികൃതരുടെ അനാസ്ഥ എല്ലാം തന്നെ ചിത്രത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് യാദൃശ്ചികം. ഗൗരവകരമായ വിഷയങ്ങള്‍ വളരെ മനോഹരവും രസകരവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിര്‍മ്മിച്ചിട്ടുള്ള നിയമമാണ് പോക്‌സോ ആക്ട്. എന്നാല്‍ നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ച് മുതിര്‍ന്നവര്‍ തമ്മിലുള്ള വിരോധം തീര്‍ക്കുന്നതിന് കുട്ടികളെ ഉപയോഗിച്ച് എതിരാളികള്‍ക്കെതിരെ പോക്‌സോ കേസ് ഫയല്‍ ചെയ്ത് എതിരാളികളെ ജയിലലടയ്ക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. നിരവധി നിരപരാധികളാണ് ശിക്ഷിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുള്ളത്. ഈ വിഷയം വളരെ ഗൗരവമായി യാതൊരു വയലന്‍സുമില്ലാതെയാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ വിഷയം ഇതിലും നന്നായി ചിത്രീകരിക്കാന്‍ കഴിയില്ലായെന്നാണ് ചിത്രം കണ്ട ശേഷം റിട്ട: ജസ്റ്റീസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടത്.
ഗൗരവമേറിയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെങ്കിലും എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു ഫാമിലി എന്റര്‍ടൈനര്‍ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്.തെന്നിന്ത്യന്‍ താരങ്ങളായ മീന, ശ്രീകാന്ത്, മനോജ് കെ ജയന്‍ എന്നിവരാണ് പ്രധാന റോളുകളില്‍.
ചിത്രത്തിലെ പാട്ടുകള്‍ക്ക് ഷാന്‍ റഹ്മാനോടൊപ്പം സംഗീതം നല്‍കിയിരിക്കുന്നത് ആല്‍ബര്‍ട്ട് വിജയനും മകന്‍ ജാക്‌സണ്‍ വിജയനുമാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജയ ജോസ് രാജ് ആണ്.