ന്യൂയോര്‍ക്ക്- യുഎസ് നഗരമായ സിന്‍സിനാറ്റിയില്‍ ഒരു ബാങ്ക് കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന ആക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ആക്രമിയെ വെടിവച്ചു കൊന്നു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ പൃഥ്വിരാജ് കണ്ഡെപി (25) ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. യുഎസില്‍ ഫിനാന്‍സ് കണ്‍സല്‍ട്ടന്റ് ആയിരുന്നു. 29കാരനായ ഒമര്‍ എന്‍രിക് സാന്റ പരെസ് ആണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒഹിയോയിലെ നോര്‍ത് ബെന്‍ഡ് സ്വദേശിയാണ്. സിന്‍സിനാറ്റിയിലെ ഫിഫ്ത്ത് തേഡ് ബാങ്ക് ആസ്ഥാനത്താണ് വെടിവയ്പ്പ് നടന്നത്. ലൂയിസ് ഫെലിപെ കാല്‍ഡെറോന്‍ (48), റിചാര്‍ഡ് ന്യൂകമര്‍ (64) എന്നവരാണ് വെടിയേറ്റു മരിച്ച മറ്റു രണ്ടു പേര്‍. അഞ്ചു പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ചിലര്‍ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായും പോലീസ് പറഞ്ഞു.
ആക്രമി പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റു മരിച്ചത്. യുഎസ് സമയം വ്യാഴാഴ്ച രാവിലെ 9.10 ഓടെയാണ് ആക്രമി ബാങ്ക് കെട്ടിടത്തിലേക്ക് ഇരച്ചു കയറിയത്. നാലു പോലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്. ആക്രമിയുടെ പക്കല്‍ ഒരു പിസ്റ്റളും 200 റൗണ്ട് വെടിയുണ്ടകളുമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ബാങ്കിലെത്തുന്നതിനു മുമ്പ് ആക്രമി മറ്റു പല സ്ഥാപനങ്ങളിലും കയറിഇറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.