Sorry, you need to enable JavaScript to visit this website.

അധികാരം പ്രയോഗിച്ചത് കേന്ദ്രത്തെ ചൊടിപ്പിച്ചു; ജമ്മു കശ്മീര്‍ പോലീസ് മേധാവിയുടെ തൊപ്പിതെറിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിനും കേന്ദ്ര സര്‍ക്കാരിനുമിടയിലെ ഭിന്നത രൂക്ഷമായതോടെ പോലീസ് മേധാവിയുടെ തൊപ്പിതെറിച്ചു. ഡി.ജി.പി എസ്.പി വൈദിനെ പദവിയില്‍ നിന്നും മാറ്റി. തട്ടിക്കൊണ്ടു പോയ പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ പിന്നീട് തീവ്രവാദികള്‍ വിട്ടയിച്ചിരുന്നുവെങ്കിലും സംഭവം പോലീസിന് നാണക്കേടായിരുന്നു. ഇതിനിടെ സുപ്രാധന അധികാരം പ്രയോഗിച്ചതാണ് വൈദിന് തിരിച്ചടിയായത്. തട്ടിക്കൊണ്ടു പോയ പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ വിട്ടുകിട്ടാന്‍ തീവ്രവാദിയുടെ ബന്ധുക്കളെ മോചിപ്പിച്ചതാണ് വൈദിനെതിരെ നടപടിക്കു കാരണമായതെന്നും കരുതപ്പെടുന്നു.

വൈദിനു പകരം താല്‍ക്കാലിക പോലീസ് മേധാവിയായി ജയില്‍ ഡിജിപി ദില്‍ബാഗ് സിങിനെ നിയമിച്ചു. എസ്.പി വൈദിനെ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് മാറ്റിനിയമിച്ചത്. 2016ലാണ് വൈദി സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായത്. നേരത്തെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ ഡി.ജി.പി, ജയില്‍ ഡി.ജി.പി എന്നീ പദവികളും വൈദ് വഹിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി അബ്ദുല്‍ ഗനി മിറിനേയും മാറ്റിയിരുന്നു. പകരം ഡോ. ബി ശ്രീനിവാസിനെയാണ് നിയമിച്ചത്.

സംസ്ഥാനത്തെ സഖ്യ സര്‍ക്കാര്‍ പൊളിഞ്ഞതോടെ ജൂണ്‍ 20 മുതല്‍ ഗവര്‍ണര്‍ ഭരിക്കുന്ന സംസ്ഥാനം ഇപ്പോള്‍ കേന്ദ്രത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. കഴിഞ്ഞയാഴ്ച മൂന്ന് പോലീസുകാരേയും എട്ടു പോലീസുകാരുടെ ബന്ധുക്കളേയും തീവ്രവാദികള്‍ തട്ടിക്കോണ്ടു പോയത് സംസ്ഥാനത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവരെ രക്ഷിക്കാന്‍ പോലീസ് ചില തീവ്രവാദികളുടെ ബന്ധുക്കളെ രഹസ്യമായി മോചിപ്പിച്ചതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നയ്ക്കൂവിന്റെ പിതാവിനേയും പോലീസ് മോചിപ്പിച്ചിരുന്നു. ഇത് ജമ്മുകശ്മീര്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടിയായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണ് പോലീസ് തലപ്പത്ത് അഴിച്ചുപണി വന്നത്. 


 

Latest News