തമിഴ്നാട് കായികമന്ത്രിയും മുന്‍നടനുമായ ഉദയനിധി സ്റ്റാലിന്‍ ദുബായില്‍ തനിക്ക് 50 കോടി വിലമതിക്കുന്ന ആഡംബര വസതി വാങ്ങി നല്‍കിയെന്നും അവിടെയാണ് താമസിക്കുന്നതെന്നുമുള്ള പ്രചാരണം നിഷേധിച്ച് നിവേദ പേതുരാജ്. യൂട്യൂബര്‍ സവുക്കു ശങ്കറാണ് വിവാദ പരാമര്‍ശം നടത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വൈറലായിരുന്നു. ദുബായില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിക്കുന്ന വ്യക്തിയാണ് താനെന്നും ഒരു കുടുംബത്തിന്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് കൃത്യമായ വിവരങ്ങള്‍ പരിശോധിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
എനിക്ക് വേണ്ടി ആരോ ഉദാരമായി പണം ചെലവഴിക്കുന്നു എന്ന ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ മൗനം പാലിക്കുകയായിരുന്നു, കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിന് മുന്‍പ് അത് സത്യമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള മനുഷ്യത്വം എല്ലാവരും കാണിക്കുമെന്ന് ഞാന്‍ വിചാരിച്ചുപോയി.
കുറച്ചു ദിവസങ്ങളായി ഞാനും കുടുംബവും കടുത്ത സമ്മര്‍ദത്തിലായിരുന്നു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ. ഞാന്‍ ഒരിക്കലും ഒരു നിര്‍മാതാവിനോടും സംവിധായകനോടും നായകനോടും എന്നെ കാസ്റ്റ് ചെയ്യാനോ സിനിമ അവസരങ്ങള്‍ തരാനോ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ 20 ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം ഞാന്‍ സ്വപ്രയത്‌നം കൊണ്ട് കണ്ടെത്തിയതാണ്. പണത്തോടോ സിനിമയോടോ ഇതുവരെ ആര്‍ത്തി കാണിച്ചില്ല- നടി പറഞ്ഞു.