ന്യൂദല്‍ഹി - കടമെടുപ്പ് പരിധി കേസില്‍ കേരളത്തിന് ആശ്വാസവുമായി സുപ്രീം കോടതി ഇടപെടല്‍. നിബന്ധനകള്‍ ഇല്ലാതെ കേരളത്തിന് 13,608 കോടി കടമെടുക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. അധികമായി 21,000 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യത്തില്‍ കേന്ദ്രവും കേരളവും ആയി ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച വൈകിട്ട് സെക്രട്ടറിതല ചര്‍ച്ച നടത്താനാണ് നിര്‍ദേശം.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് ഇനി 13,608 കോടി രൂപ കൂടി കടമെടുക്കാന്‍ അധികാരം ഉണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനായി സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന കേസ് കേരളം കേസ് പിന്‍വലിക്കണമെന്ന നിബന്ധനയും കേന്ദ്രം മുന്നോട്ട് വച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കേന്ദ്രത്തിന് എതിരെ സ്യൂട്ട് ഹരജി നല്‍കാന്‍ കേരളത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ചര്‍ച്ച നടത്തുമ്പോള്‍ കേന്ദ്രത്തിന്റെയും, കേരളത്തിലെയും ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിവാദ പ്രസ്താവനകള്‍ നടത്തരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. എല്ലാവരും പ്രസ്താവനകള്‍ നടത്താറുണ്ട് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്രത്തിലാരും പ്രസ്താവന നടത്താറില്ലെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.