കൊച്ചി- ദിലീപ് നായകനായെത്തുന്ന ചിത്രം 'തങ്കമണി'യുടെ റിലീസിങ് വിലക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ഇടുക്കി തങ്കമണിയില്‍ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ 'തങ്കമണി'യുടെ റിലീസിങ് വിലക്കണമെന്ന ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ രഹസ്യവാദം കേട്ട ശേഷമാണ് നടപടി.
സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് സിനിമയ്ക്കു പിന്നിലുള്ളവരുടെ താത്പര്യങ്ങള്‍ക്ക് എതിരാകും എന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍. മേനോന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി തള്ളിയതോടെ ചിത്രം നാളെ ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ റിലീസിനെത്തും.
തങ്കമണിയില്‍ 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു ബസ് തടയലും തുടര്‍ന്ന് നടന്ന പോലീസ് നരനായാട്ടും ആധാരമാക്കിയെത്തുന്ന ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി. ആര്‍. ബിജുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സിനിമയുടെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
പോലീസിനെ പേടിച്ച് പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുടര്‍ന്ന് പോലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നും സിനിമയില്‍ കാണിക്കുന്നുണ്ടെന്നും ഇത് വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് എന്നും ബിജു ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹര്‍ജിക്കാരന്‍, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും സാങ്കല്‍പ്പിക സൃഷ്ടിയാണെന്നും സൂചിപ്പിച്ചിരുന്നു. ഹര്‍ജിക്കാരന്‍ ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേര്‍ത്ത് ഒരുക്കിയ ചിത്രമായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ് ദിലീപ് നായക വേഷത്തിലെത്തുന്ന 'തങ്കമണി'. ദിലീപിന്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാറുമെന്നാണ് പ്രേക്ഷകരേവരുടേയും പ്രതീക്ഷ. 'ഉടല്‍' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം.
'പെണ്ണിന്റെ പേരല്ല തങ്കമണി, വെന്ത നാടിന്റെ പേരല്ലോ തങ്കമണി...' എന്ന ശീര്‍ഷക ഗാനവുമായെത്തുന്ന സിനിമയുടെ ടീസറും ട്രെയിലറും പാട്ടുകളുമാക്കെ പുറത്തിറങ്ങിയതോടെ ഇതിനകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ സിനിമാ ഗ്രൂപ്പുകളിലടക്കം 'തങ്കമണി'യെ കുറിച്ച് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ദിലീപ് എത്തുന്ന ചിത്രമാണ് 'തങ്കമണി'യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെ അതില്‍ നിന്ന് വിഭിന്നമായി യുവാവായുള്ള ലുക്കില്‍ സെക്കന്‍ഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസറും ട്രെയിലറുമൊക്കെ ദിലീപ് ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് 'തങ്കമണി'യെന്ന് ഉറപ്പ് നല്‍കുന്നതാണ്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി. ചൗധരി, ഇഫാര്‍മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും തമിഴിലേയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്.
അഞ്ഞൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌സുകളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി. എം. എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.