നയന്‍സ് വിവാഹ മോചനത്തിലേക്കെന്ന് കിംവദന്തി; എന്തോ തട്ടിപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയ

ചെന്നൈ- തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വേര്‍പിരിയുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം. അതേസമയം, ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച നയന്‍താര തന്റെ ഭര്‍ത്താവ് വിഘ്‌നേഷിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിനെ തുടര്‍ന്നാണ് കിംവദന്തികള്‍ ആരംഭിച്ചത്.  ഇതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട്  ഒരു റെഡ്ഡിറ്റ് ഉപയോക്താവ്  പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരുടെ വിവാഹം പ്രശ്‌നത്തിലാണെന്ന കിംവദന്തികള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി വഴി ഒരു നിഗൂഢ സന്ദേശം കൂടി പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.
നയന്‍താര തന്റെ ഭര്‍ത്താവിനെ അണ്‍ഫോളോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു, എന്നാല്‍ ഇതിന് കാരണം ഇതുവരെ അറിവായിട്ടില്ല. പബ്ലിസിറ്റി സ്റ്റണ്ടായിരിക്കാമെന്ന് ചിലര്‍ അനുമാനിക്കുമ്പോള്‍ സാങ്കേതിക പിഴവ് സംഭവിച്ചിരിക്കാമെന്ന് മറ്റുള്ളവര്‍ കരുതുന്നു.
ഇരുവരും ചേര്‍ന്ന് ഒരു സംയുക്ത സംരംഭം ആരംഭിക്കാന്‍ പോകുകയാണെന്നും അതിനെക്കുറിച്ച് ഒരു പ്രീബസ് സൃഷ്ടിക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. വിവാദം ശക്തമായതോടെ നയന്‍താര വിഘ്‌നേഷിനെ വീണ്ടും ഫോളോ ചെയ്തു.
2022 ജൂണ്‍ 9 ന് ചെന്നൈയ്ക്ക് പുറത്തുള്ള മഹാബലിപുരത്ത് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.  വാടക ഗര്‍ഭധാരണത്തിലൂടെ ഒക്ടോബറില്‍ ഉയിര്‍, ഉലഗം എന്നീ ഇരട്ട കുട്ടികളെ സ്വീകരിച്ചു.
നയന്‍താര കഴിഞ്ഞ ഷാരൂഖ് ഖാനൊപ്പം ജവാന്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ദമ്പതികള്‍ അവരുടെ സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്കിടാറുണ്ട്.

 

 

Latest News