തിരുവനന്തപുരം-ദിലീപ് സിനിമ ബാന്ദ്രയ്ക്ക് റിലീസ് ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂ നല്‍കിയ യൂട്യൂബ് വ്ളോഗര്‍മാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിനു നിര്‍ദേശം. പൂന്തുറ പോലീസിനോടാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.
സിനിമ റിലീസ് ചെയ്ത് അര മണിക്കൂറിനുള്ളില്‍ നെഗറ്റീവ് റിവ്യൂ പബ്ലിഷ് ചെയ്തെന്നാണ് നിര്‍മാതാക്കളുടെ പരാതി. ദിലീപും തമന്നയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. ചിത്രം കഴിഞ്ഞ വര്‍ഷം നവംബര്‍ 10നാണ് റിലീസ് ചെയ്തത്. രാവിലെ 11.30ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിനു മുന്‍പ് വ്ളോഗര്‍മാര്‍ നെഗറ്റീവ് പരാമര്‍ശവുമായി എത്തിയെന്നും പരാതിയിലുണ്ട്.മൂന്നു ദിവസംകൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്. സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു സിനിമാ നിര്‍മാതാക്കളായ വിനായക ഫിലിംസിന്റെ ആരോപണം. യൂട്യൂബ് വ്ളോഗര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ളോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നിവരെ പ്രതികള്‍ ആക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.