ഹിന്ദു വിവാഹ മോചന നിയമങ്ങളില്‍ മാറ്റം വേണമെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ- ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശവുമായി അലഹബാദ് ഹൈക്കോടതി. വിവാഹത്തിലെ വീണ്ടെടുക്കാനാകാത്ത തകര്‍ച്ച ഹിന്ദു വിവാഹ നിയമത്തില്‍ വിവാഹമോചനത്തിനുള്ള കാരണമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
ആധുനിക കാലത്ത് വിവാഹത്തിന്റെ അര്‍ത്ഥം മാറിയെന്നും വിവാഹമോചനത്തിനുള്ള കാരണങ്ങളും അങ്ങനെയാകണമെന്നും കോടതി പറഞ്ഞു. പ്രണയവിവാഹങ്ങള്‍ എളുപ്പത്തില്‍ നടക്കുന്നു എന്നതുപോലെ അത്തരം ബന്ധങ്ങള്‍ 'എളുപ്പത്തില്‍' വൈവാഹിക തര്‍ക്കങ്ങളില്‍ കലാശിക്കുന്നുവെന്നും കോടതി നിരീക്ഷണത്തില്‍ പറയുന്നു.
30 വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. സീനിയര്‍ ഡോക്ടര്‍ കൂടിയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം വേണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. ഭാര്യ ഹരജിക്കാരനില്‍ നിന്ന് ഏറെ നാളായി അകന്നു കഴിയുകയാണ്.
2007ല്‍ വിവാഹിതനായ ഡോക്ടര്‍ 2015 ലാണ് കുടുംബകോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. അപ്പീല്‍ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായ ക്രൂരതയെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനത്തിനുള്ള അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.
ഭാര്യ തന്നില്‍ നിന്ന് അകന്നു കഴിയുന്ന മാനസിക ക്രൂരത ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനം അനുവദിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടത്.
ദാമ്പത്യത്തിന്റെ തിരിച്ചെടുക്കാനാവാത്ത തകര്‍ച്ച വിവാഹ മോചനത്തിനുള്ള കാരണമാണെന്ന് സുപ്രിം കോടതി പല കേസുകളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ വിവേക് കുമാര്‍ ബിര്‍ള, ഡൊണാദി രമേഷ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 2006ലെ ഒരു കേസ് ജഡ്ജിമാര്‍ പ്രത്യേകം എടുത്തു പറഞ്ഞു. നവീന്‍ കോഹ്‌ലി- നീലു കോഹ്‌ലി  വിവാഹ മോചനം  വീണ്ടെടുക്കാനാകാത്ത തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ്  സുപ്രീം കോടതി അനുവദിച്ചത്.
18 വര്‍ഷം പിന്നിട്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കോടതി പറഞ്ഞു.
പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള ദാമ്പത്യബന്ധം പേരിനു മാത്രമായി തുടരുന്നതായി കോടതി പറഞ്ഞു. 1955ല്‍ ഹിന്ദു വിവാഹ നിയമം നിലവില്‍ വന്നപ്പോള്‍, വൈവാഹിക ബന്ധങ്ങളോടുള്ള വികാരവും ആദരവും വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. വിവാഹങ്ങള്‍ നടക്കുന്ന രീതി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും കോടതി അവകാശപ്പെട്ടു.
വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, ജാതി വേലിക്കെട്ടുകളുടെ ലംഘനം, ആധുനികവല്‍ക്കരണം, പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം' തുടങ്ങിയവ ഈ മാറ്റത്തിന് കാരണങ്ങളാണെന്ന് ജഡ്ജിമാര്‍  പറഞ്ഞു.

 

Latest News