ടോക്കിയോ- കാൽനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനു പിന്നാലെ ജപ്പാനിൽ ഭൂചലനം. ഹൊക്കായിഡോ ദ്വീപിലാണ് റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനം. സാപ്പോറോ പട്ടണം ഭൂചലനത്തിൽ വിറച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ജെബി കൊടുങ്കാറ്റിനെ തുടർന്ന് പടിഞ്ഞാറൻ ജപ്പാനിലെ പ്രധാന എയർപോർട്ട് അടച്ചിട്ടിരിക്കയാണ്. കൊടുങ്കാറ്റിൽ ഇന്നലെ വൈകിട്ട് വരെ പത്ത് മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഒസാക്ക, കോബെ, ക്യോട്ടോ നഗരങ്ങളിലുള്ളവർ ആശ്രയിക്കുന്ന കൻസായി എയർപോർട്ടാണ് അടച്ചത്. ടാങ്കർ ഇടിച്ച് ഇവിടേക്കുള്ള പാലം തകർന്നതിനെ തുടർന്നാണ് എയർപോർട്ട് അടക്കേണ്ടി വന്നത്. ദ്വീപിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ട് പാലം വഴിയാണ് ജപ്പാൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നത്. 3000 യാത്രക്കാരാണ് രാത്രി എയർപോർട്ടിൽ കുടുങ്ങിയത്. ഇവരെ പിന്നീട് സ്പീഡ് ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഒഴിപ്പിച്ചത്. പലയിടത്തും കാറുകളും മറ്റുവാഹനങ്ങളും കാറ്റിൽ പറന്നുപോയി. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. വൈദ്യുതി ബന്ധം നിലച്ചു.