അമ്മയെപ്പോലെ.... രാധിക തിലകിന്റെ മകളെ വിവാഹവേദിയിലേക്ക് ആനയിച്ചത് ആരെന്നറിയുമോ...

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹത്തിന് നവവധുവിനെ അമ്മയെപ്പോലെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവന്നത് ഗായിക സുജാതാ മോഹന്‍. ദേവികയുടെ കൈപിടിച്ച് സുജാത വേദിയിലേക്ക് വന്നത് ആളുകളുടെ കണ്ണുകള്‍ക്ക് സന്തോഷം പകരുന്ന കാഴ്ചയായി. ഫെബ്രുവരി 19ന് ബംഗളൂരുവിലായിരുന്നു ദേവികയുടെ കല്യാണം. വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു. ഈ ചടങ്ങിലാണ് വേദികയുടെ കൈ പിടിച്ച് സുജാതാ വേദിയിലേക്ക് വന്നത്.

ബംഗളൂരു സ്വദേശികളായ വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനും അഭിഭാഷകനുമായ അരവിന്ദാണ് ദേവികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മുല്ലപ്പൂവില്‍ അലങ്കരിച്ച രാധികയുടെ ചിത്രത്തെ വണങ്ങിയാണ് ദേവിക വേദിയില്‍ കയറിയത്. അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കിയാണ് ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലംവെച്ചതും. സുജാത, ഭര്‍ത്താവ് വി. കൃഷ്ണ മോഹന്‍, ജയറാം, പാര്‍വതി, ജി. വേണുഗോപാല്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു.

2015 സെപ്റ്റംബര്‍ 20നാണ് രാധിക വിട പറഞ്ഞത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അമ്മയുടെ അതേ പാത തന്നെയാണ് മകളും പിന്‍തുടരുന്നത്. ഗായികയായാണ് ദേവികയെ മലയാളികള്‍ അറിയുന്നത്. ദേവിക അമ്മയുടെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഒരുക്കിയിരുന്നു.

 

Latest News