സിനിമയില്‍ നായിക ആയാല്‍ കല്യാണം നടക്കില്ലെന്ന് കാവ്യയുടെ അമ്മ പേടിച്ചിരുന്നു

കാവ്യാ മാധവനെ നായികയാക്കി സിനിമയെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ്. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. കാവ്യക്ക് ചെറിയ റോള്‍ മതിയെന്നും നായികയായാല്‍ കല്യാണമൊക്കെ നടക്കാന്‍ പ്രയാസമാവുമെന്നു അമ്മ പറഞ്ഞതായും ലാല്‍ ജോസ് പറഞ്ഞു.

ലാല്‍ ജോസിന്റെ വാക്കുകള്‍:

'നായികയായി ആരെ കണ്ടെത്തുമെന്ന് ചിന്തിച്ച് നിന്ന സമയത്താണ് ഒരു പെണ്‍കുട്ടിയുടെ മുഖം ഓര്‍മ വന്നത്. മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെ നോക്കിയാലോ എന്ന് ആലോചിച്ചു. അത് കാവ്യ മാധവനായിരുന്നു. ആ സിനിമ എടുത്തിട്ട് രണ്ട് വര്‍ഷമായി. അവളിപ്പോള്‍ വളര്‍ന്നിട്ടുണ്ടാവുമല്ലോ എന്നോര്‍ത്തു. അങ്ങനെ നീലേശ്വരത്ത് പോയി കാവ്യയെ കണ്ടെങ്കിലും അവളുടെ അമ്മക്ക് വലിയ പേടിയായിരുന്നു. അനിയത്തിയുടെ റോളിലൊക്കെ അഭിനയിപ്പിച്ചാല്‍ മതി. അല്ലെങ്കില്‍ കല്യാണം കഴിക്കാനൊക്കെ പ്രശ്‌നമാവില്ലേ എന്നൊക്കെ ചോദിച്ചിരുന്നു. സിനിമയില്‍ നായികയായാല്‍ കല്യാണം നടക്കാതെ പോവുമോ എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്ന കാലഘട്ടം ആയിരുന്നു അത്.

എന്നാല്‍ പിന്നീട് കാവ്യയുടെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞ് കൊടുത്തതിന് ശേഷം അമ്മക്ക് കുഴപ്പമില്ലാതായി. അവര്‍ അഭിനയിക്കാന്‍ വരികയും ചെയ്തു. ഒന്‍പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് പോവുന്ന പ്രായമോ മറ്റോ ആണ്. ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി കാവ്യ അഭിനയിക്കാനെത്തുന്നത്. പതിനാലോ പതിനഞ്ചോ വയസ് മാത്രമേ അവള്‍ക്ക് പ്രായമുണ്ടാവുകയുള്ളു- ലാല്‍ ജോസ് പറഞ്ഞു.

 

Latest News