കൊച്ചി- 'മനിതര്‍ ഉണര്‍ന്ത് കൊള്ള ഇത് മനിത കാതല്‍ അല്ലെ, അതയും താണ്ടി പുനിതമാനത്...' മികച്ച പ്രതികരണങ്ങളോടെ ബോക്‌സ് ഓഫീസ് കീഴടക്കി 'മഞ്ഞുമ്മല്‍ ബോയ്‌സ്' തിയേറ്ററുകളില്‍ വിജയഗാഥ തുടരുന്നു.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരെ അണിനിരത്തി ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' മികച്ച പ്രതികരണങ്ങളോടെ ബോക്‌സ് ഓഫീസ് കീഴടക്കി തിയറ്ററുകളില്‍ വിജയഗാഥ തുടരുന്നു.
പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി ഗംഭീര അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ഇഴയടുപ്പവുമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഫെബ്രുവരി 22ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് തുടക്കമാണ് കുറിച്ചത്. നാല് ദിവസം കൊണ്ട് 36.11കോടി കളക്ഷനാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 15 മിനിറ്റുമാണ്.
ചിദംബരത്തിന്റെ ആദ്യ ചിത്രം 'ജാന്‍ എ മന്‍' സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ബ്ലോക്ക്ബസ്റ്ററടിക്കുമെന്ന് ഉറപ്പായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഷോകള്‍ ഹൗസ്ഫുള്‍ ആവുന്ന സാഹചര്യമാണ് കാണാന്‍ സാധിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിച്ചത്.
പി ആര്‍ ആന്റ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.