ആലുവ - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കോൺഗ്രസ്-ലീഗ് നേതൃത്വം തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ നിർണായക ഉപാധിയുമായി കോൺഗ്രസ്.
ആലുവ പാലസിൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ കോൺഗ്രസിനെ പ്രതിനിധീകരിച്ചും പ്രതിപക്ഷ ഉപനേതാവും ലീഗ് ദേശീയ ജനറൽസെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം, മുൻ ജനറൽസെക്രട്ടറി കെ.പി.എ മജീദ് എന്നിവർ ലീഗിനെ പ്രതിനിധീകരിച്ചും പങ്കെടുക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അതിനിടെ, സംയുക്ത ചർച്ചയ്ക്ക് മുമ്പേ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് ലീഗിന്റെ അധിക സീറ്റിൽ ചില ഉപാധികൾ വെച്ചതായി വിവരമുണ്ട്. ലീഗിന് സീറ്റ് നൽകാമെന്നും അത് ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് തന്നെയാകാമെന്നും പറയുന്ന കോൺഗ്രസ് നേതൃത്വം, 2026-ൽ പി.വി അബ്ദുൽവഹാബിന്റെ രാജ്യസഭാ കാലാവവധി കഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്ന ഒരു പ്രധാന ഉപാധി മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ പിന്നീട് വരുന്ന സീറ്റ് ലീഗിന് തന്നെ നൽകാമെന്നും രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കാമെന്നുമാണ് കോൺഗ്രസ് നേതാക്കൾ എത്തിയ ധാരണ. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയാണ് ഈ ധാരണയിലെത്തിയത്.
എന്നാൽ, ഈ നിർദേശം ലീഗിന് അപ്പടി സ്വീകാര്യമാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഒപ്പം, സാമുദായിക ധ്രുവീകരണങ്ങളില്ലാത്തവിധം തീരുമാനങ്ങളുണ്ടാകണമെന്നും മൂന്നാം സീറ്റ് പുറത്ത് ആഘോഷിക്കുന്നത് പരുക്കുകളുണ്ടാക്കുമെന്നും കോൺഗ്രസ് നേതൃത്വം ഓർമിപ്പിക്കുന്നു. ഇരു പാർട്ടികളും പരസ്പരം ഉൾക്കൊണ്ട് മുന്നണിയെ കൂടുതൽ കെട്ടുറപ്പോടെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന പൊതുവികാരത്തോട് കൂടിതന്നെയാണ് ചർച്ചയെ സമീപിച്ചതെന്നാണ് വിവരം. ലീഗിന്റെ ആവശ്യം നിരാകരിക്കാതെ, എന്നാൽ നിലവിലെ പ്രതിസന്ധികൾ മനസ്സിലാക്കി മാന്യമായൊരു പരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്നുള്ള പ്രതീക്ഷയാണ് ഇരു കേന്ദ്രങ്ങൾക്കുമുള്ളത്.