(വാഴക്കാട്) മലപ്പുറം - എടവണ്ണപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്‌കൂൾ അധ്യാപകൻ. കരാട്ടെ അധ്യാപകൻ സിദ്ധിഖലിയുടെ പീഡനത്തെതുടർന്ന് 17-കാരിയായ പെൺകുട്ടി പഠനം നിർത്തിയിരുന്നുവെന്നും വിവരം ചൈൽഡ് ലൈനെ രണ്ടുവട്ടം അറിയിച്ചതാണെന്നും അധ്യാപകർ പറഞ്ഞു.
'കരാട്ടെ അധ്യാപകനെതിരെ നടപടിയെടുത്താൽ എനിക്ക് സമാധാനം കിട്ടുമെന്ന് ഇടയ്ക്കിടെ കുട്ടി പറയാറുണ്ട്. കുട്ടി വളരെ നിർബന്ധം പിടിച്ചപ്പോഴാണ് സ്‌കൂളിൽനിന്ന് ടിസി കൊടുത്തതെന്നും' അധ്യാപകർ പറഞ്ഞു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം വളരെ മുന്നിലുള്ള മിടുക്കിയായ കുട്ടിയായിരുന്നുവെന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തി.
'സ്വഭാവ രീതികളിൽ ചില മാറ്റങ്ങൾ തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അവളോട് സംസാരിച്ചത്. ആ സമയത്ത് അവൾ താൻ അനുഭവിച്ച ചില ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു. ഇത് ഗൗരവമുള്ള വിഷയമാണെന്നും ഒന്നും പേടിക്കേണ്ടതില്ലെന്നും എല്ലാ പരിരക്ഷയും നിനക്കുണ്ടാകുമെന്നും പറഞ്ഞ് അവൾക്ക് ആത്മവിശ്വാസം പകർന്നു. പിറ്റേദിവസം കൗൺസലിംഗ് നടത്തിയ മാഡം എല്ലാം എഴുതി വാങ്ങി. ഈ വിവരങ്ങൾ പോലീസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അവൾക്കുമേൽ പ്രയാസങ്ങളുണ്ടായി. ടി.സി വാങ്ങിയെങ്കിലും കുട്ടി ട്യൂഷൻ വഴി പഠനം തുടരുന്നുണ്ടായിരുന്നുവെന്നും അധ്യാപകർ വെളിപ്പെടുത്തി.
അതിനിടെ. കരാട്ടെ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ കേസെടുത്തതായി ബാലവകാശ കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ വാഴക്കാട് സി.ഐയിൽനിന്ന് കമ്മിഷൻ റിപോർട്ടും തേടിയിട്ടുണ്ട്. കരാട്ടെ പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥിനികളിൽനിന്നും വളരെ രഹസ്യ സ്വഭാവത്തിൽ മൊഴി രേഖപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. 'കരാട്ടെ അധ്യാപകൻ തന്റെ ശരീരത്തിൽ തൊടാത്ത ഒരു ഭാഗം പോലുമില്ലെന്നും നിയമനടപടികളിലേക്ക് നീങ്ങിയപ്പോൾ ജീവനു ഭയമുള്ളതിനാൽ പിൻവാങ്ങിയതായും' മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും വാഴക്കാട് പോലീസ് പറഞ്ഞു.