- അപകടം കാറിന് സൈഡ് കൊടുക്കുന്നതിനിടെ, മരിച്ചത് ഗംഗയിലേക്ക് പുണ്യസ്‌നാനത്തിനു പോയ ഗ്രാമവാസികൾ
(കസ്ഗഞ്ച്) ലഖ്‌നൗ - പുണ്യസ്‌നാനത്തിന് ഗ്രാമവാസികളുമായി പുറപ്പെട്ട ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 22 പേർ മരിച്ചു. പത്തുപേർക്ക് പരുക്കേറ്റു. യു.പിയിലെ കസ്ഗഞ്ച് ജില്ലയിലെ പട്യാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. മാഗ്പൂർണിമയുടെ ഭാഗമായ പുണ്യസ്‌നാനത്തിനായി ഗംഗയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
എട്ട് കുട്ടികളും ഏഴ് സ്ത്രീകളുമടക്കം 22 പേരാണു മരിച്ചതെന്നാണ് പ്രാഥമിക വിവരം. എതിരേവന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ ട്രാക്ടർ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ചെളി നിറഞ്ഞ കുളത്തിലേക്കു മറിയുകയായിരുന്നു. രക്ഷപ്പെട്ടവരെ കസ്ഗഞ്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അലിഗഡ് റേഞ്ച് ഐ.ജി ശലഭ് മാത്തൂർ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സഹായധനം നൽകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അപകടത്തിൽ പരുക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ അധികൃതർക്ക് നിർദേശം നല്കി.