കൊല്ലം- മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമാ കുടുംബമാണ് ഉര്‍വശിയുടേത്. എല്ലാവിധത്തിലുള്ള കഥാപാത്രങ്ങളും ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശി എന്ന താരത്തെ മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കൂടാതെ സഹോദരിമാരായ കലാരഞ്ജിനി, കല്‍പന എന്നിവരും മലയാളത്തിലെ പ്രധാന താരങ്ങളായിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുഃഖകരമായ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. തന്റെ അനിയന്റെ മരണം. പതിനേഴ് വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് എന്തായിരുന്നു അതിന്റെ കാരണമെന്നും മറ്റും അറിയില്ലെന്നാണ് ഉര്‍വശി പറയുന്നത്.കൂടാതെ അനിയന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറോളം സഹപാഠികള്‍ ആത്മഹത്യ ചെയ്തതായും ഉര്‍വശി ഓര്‍ക്കുന്നു. സില്‍ക് സ്മിത നായികയായി എത്തിയ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തിലാണ് പ്രിന്‍സ് നായക കഥാപാത്രമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
'ആത്മഹത്യ ചെയുമ്പോള്‍ പതിനേഴ് വയസായിരുന്നു പ്രിന്‍സിന്റെ പ്രായം. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാന്‍ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എന്തിന് ഇങ്ങനെയാെരു മരണം ഉണ്ടായി എന്നതില്‍ ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.
കല ചേച്ചി ഏഴ് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് മരണം. സ്‌കാനിംഗില്‍ പെണ്‍കുട്ടി ആണെന്നാണ് പറഞ്ഞത്. പക്ഷെ രണ്ട് മാസം കഴിഞ്ഞ് പ്രസവിച്ചത് ആണ്‍കുട്ടിയാണ്. അവനാണ് വന്ന് ജനിച്ചത് എന്ന് ചിന്തിച്ച് ഞങ്ങളെല്ലാവരും അതിലേക്ക് അങ്ങ് മാറി. ആ ക്ലാസിലെ ആറേഴ് കുട്ടികള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്തോ ഒന്നില്‍ അവര്‍ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ പറ്റുമായിരുന്നിരിക്കാം.
മരണം നടക്കുമ്പോള്‍ ഞങ്ങള്‍ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസിലേക്ക് അമ്മയെ ഒന്നും അറിയാക്കാതെ കൊണ്ട് പോകുന്നത് വരെയുള്ള സമയം അന്നത്തെ എന്റെ പ്രായത്തിന് താങ്ങാവുന്നതായിരുന്നില്ല. പ്രിന്‍സിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളില്‍ സ്റ്റേജ് ഷോയ്ക്ക് ഗള്‍ഫില്‍ പോവുകയാണ്.
ആ പ്രോഗ്രാമിന് ഞാനും കല്‍പ്പന ചേച്ചിയും ജഗതി ശ്രീകുമാറും മാത്രമേയുള്ളൂ. ഞങ്ങളെ മാത്രം വിശ്വസിച്ചാണ് ആ പ്രോ?ഗ്രാം. ഭീകരമായ അനുഭവമായിരുന്നു അത്. സ്റ്റേജില്‍ കോമഡി ചെയ്യുമ്പോള്‍ പിറകില്‍ റൂമില്‍ അമ്മയുണ്ട്. ആരെങ്കിലും വന്ന് അനിയന്റെ കാര്യം ചോദിച്ചാല്‍ അമ്മ കരയുമോ എന്നായിരുന്നു സ്റ്റേജില്‍ ഞങ്ങളുടെ ടെന്‍ഷന്‍. ഒരാളെ അവിടെ നിര്‍ത്തിയിട്ടുണ്ട്. മനസിന്റെ ഒരു ഭാഗത്ത് ഈ ദുഖമല്ലാതെ മറ്റൊന്നുമില്ല.' എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞത്.