Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാഹത്തിന്റെ പേരില്‍ പിരിച്ചുവിട്ട നഴ്‌സിന് കേന്ദ്രം 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ന്യൂദല്‍ഹി-വിവാഹിതയായതിന്റെ പേരില്‍ പിരിച്ചുവിട്ട സൈനിക നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തോട് ഉത്തരവിട്ട് സുപ്രീം കോടതി. വിവാഹത്തിന്റെ പേരില്‍  സ്ത്രീക്ക് ജോലി നിഷേധിച്ചത് ലിംഗ വിവേചനവും അസമത്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്.  
 ഇപ്പോള്‍ നിലവിലില്ലാത്ത ആര്‍മി ഉത്തരവ് പ്രകാരമാണ് വനിതയെ  സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നത്. ഇത്തരത്തില്‍ നടപടിക്ക് കാരണമായത് വിവാഹമാണ്.
പെര്‍മനന്റ് കമ്മീഷന്‍ഡ് ഓഫീസര്‍ മുന്‍ ലഫ്റ്റനന്റ് സെലീന ജോണിന്റെ കേസില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയുടെയും ദീപാങ്കര്‍ ദത്തയുടെയും ബെഞ്ചാണ് ഉത്തരവിട്ടത്. 1988 ഓഗസ്റ്റിലാണ് സൈനിക നഴ്‌സിംഗ് സേവനത്തില്‍ നിന്ന് നീക്കം ചെയ്തത്. ആ വര്‍ഷം ഏപ്രിലില്‍ വിവാഹിതയായെന്നും വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ കുറഞ്ഞ ഗ്രേഡാണ് നേടിയതെന്നും  റിലീസ് ഉത്തരവില്‍ പറഞ്ഞിരുന്നു.
'മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ സ്ഥിരം കമ്മീഷനുകള്‍ അനുവദിക്കുന്നതിനുള്ള സേവന നിബന്ധനകളും വ്യവസ്ഥകളും' എന്ന തലക്കെട്ടില്‍ 1977ലെ ആര്‍മി നിര്‍ദ്ദേശത്തിന് കീഴിലാണ് പിരിച്ചുവിടല്‍ ഉത്തരവ് പാസാക്കിയത്. ഈ ഉത്തരവ് പിന്നീട് 1995ല്‍ പിന്‍വലിച്ചു.

2016 മാര്‍ച്ചില്‍, ലഖ്‌നൗവിലെ ആംഡ് ഫോഴ്‌സ് ട്രിബ്യൂണല്‍ (എഎഫ്ടി) സെലീന ജോണിന്റെ ടെര്‍മിനേഷന്‍ ഉത്തരവ് റദ്ദാക്കുകയും വേതനം നല്‍കി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.  ആ വര്‍ഷം ഓഗസ്റ്റില്‍, കേന്ദ്രം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ചോദ്യം ചെയ്തു.

സ്ത്രീ വിവാഹിതയായതിനാല്‍ തൊഴില്‍ അവസാനിപ്പിക്കുന്നത് ലിംഗ വിവേചനത്തിന്റെയും അസമത്വത്തിന്റെയും കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിയത്. ഇത്തരം പുരുഷാധിപത്യ ഭരണം മനുഷ്യന്റെ അന്തസ്സും വിവേചനരഹിതമായ അവകാശവും ന്യായമായ പെരുമാറ്റവും ഇല്ലാതാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീ ജീവനക്കാരുടെ വിവാഹവും അവരുടെ ഗാര്‍ഹിക പങ്കാളിത്തവും വിവേചനത്തിനുള്ള കാരണമായി പരിഗണിക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഊന്നിപ്പറയാന്‍ സുപ്രീം കോടതി മുന്‍കാല വിധികളും ഉദ്ധരിച്ചു.
ജോണ്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കുറച്ചുകാലം നഴ്‌സായി ജോലി ചെയ്തത് കണക്കിലെടുത്ത് സുപ്രീം കോടതി എഎഫ്ടി ഉത്തരവ് പരിഷ്‌ക്കരിക്കുകയും 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തോട് ഉത്തരവിടുകയും ചെയ്തു.
എട്ടാഴ്ചയ്ക്കുള്ളില്‍ തുക നല്‍കിയില്ലെങ്കില്‍ ഉത്തരവ് തീയതി മുതല്‍  തുകയ്ക്ക് പ്രതിവര്‍ഷം 12% പലിശ നല്‍കണമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News