ന്യൂദല്‍ഹി- ദില്ലി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പോലീസ്. കര്‍ഷകരെ മനേസറില്‍വച്ചാണ് ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കര്‍ഷകര്‍ കടക്കാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് അതിര്‍ത്തി കേന്ദ്രങ്ങളില്‍ സുരക്ഷാസംവിധാനം പോലീസ് കൂടുതല്‍ കര്‍ശനമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാനിരുന്ന കര്‍ഷകരെയാണ് കസ്റ്റഡിയിലെടുത്തത്. നാലാംവട്ട ചര്‍ച്ചയിലാണ് കേന്ദ്രം താങ്ങുവില സംബന്ധിച്ച നിലപാടറിയിച്ചത്. പയര്‍വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ തള്ളിയ സംയുക്ത കിസാന്‍മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍മോര്‍ച്ചയുടെയും തീരുമാനം മോഡി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് സംയുക്ത കിസാന്‍മോര്‍ച്ച വ്യക്തമാക്കി.
അതേസമയം കര്‍ഷകസമരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീര്‍ക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. കര്‍ഷകര്‍ ചില കാര്യങ്ങളില്‍ ദേശീയ താല്‍പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.