10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍  രണ്ടുതവണ എഴുതാം-കേന്ദ്ര മന്ത്രി 

ന്യൂദല്‍ഹി-2025-26 അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാര്‍ഥികളുടെ പഠന സമ്മര്‍ദം കുറയ്ക്കാനാണ് മാറ്റം കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡില്‍ പിഎം ശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ കരിക്കുലം ഫ്രെയിംവര്‍ക്കിലാണ് വര്‍ഷത്തില്‍ രണ്ടു തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ നിര്‍ദേശമുള്ളത്.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായുള്ള തയാറെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം നല്‍കുക എന്നതാണ് ഉദ്ദേശ്യം. വേണമെങ്കില്‍ രണ്ടു തവണയും പരീക്ഷയെഴുതാന്‍ അവസരം ലഭിക്കും. ഫലം നിര്‍ണയിക്കുന്നതിനായി മികച്ച മാര്‍ക്ക് പരിഗണിക്കും. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തില്‍ രണ്ടു തവണ പരീക്ഷ നടത്തണമെന്ന് നിര്‍ബന്ധമില്ല.

Latest News